പ്രഭുദയയിലെ പരിശോധന വൈകും

single-img
4 March 2012

ചേര്‍ത്തലയ്ക്കു സമീപം മത്സ്യബന്ധന ബോട്ട് തകര്‍ന്നു രണ്ടുപേര്‍ മരിക്കുകയും മൂന്നു പേ രെ കാണാതാവുകയും ചെയ്ത സംഭവത്തിന് ഉത്തരവാദിയെന്നു സംശയിക്കുന്ന എം.വി. പ്രഭുദയ എന്ന കപ്പലിലെ പരിശോധന വൈകും. ചെന്നൈ തീരത്ത് ഇന്നു രാത്രി വൈകിയേ കപ്പല്‍ എത്തൂ എന്നാണു കൊച്ചിയിലെ മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം അധികൃതര്‍ നല്കുന്ന വിവരം. ഈ സാഹചര്യത്തി ല്‍ നാളെ മാത്രമേ പരിശോധന നടക്കൂ.

കപ്പലെത്തുന്നതോടെ കൊച്ചിയിലെ മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിലെ ക്യാപ്റ്റന്‍ സന്തോഷ്‌കുമാര്‍ പരിശോധനയ്ക്കായി തിരി ക്കും. അദ്ദേഹം ഇന്നലെ ചെന്നൈയിലെത്തുമെന്നായിരുന്നു നേരത്തേ മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം അറിയിച്ചിരുന്നത്. എന്നാല്‍, കപ്പല്‍ വൈകുന്നതുമൂലം യാത്ര നീട്ടിവയ്ക്കുകയായിരുന്നു. കൊച്ചിയിലെയും ചെന്നൈയിലെയും മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു കപ്പലില്‍ പരിശോധന നടത്തുക. കോസ്റ്റ് ഗാര്‍ ഡും പരിശോധനയില്‍ പങ്കാളികളാവും. മുംബൈ ആസ്ഥാനമായുള്ള ടൊലാനി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.വി. പ്രഭുദയ തന്നെയാണോ ഇടിച്ചതെന്ന കാര്യ ത്തില്‍ മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റോ മറ്റ് ഏജന്‍സികളോ പൂര്‍ണമായ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല.

ഇതു വ്യക്തമാകാനുള്ള പ്രാഥമിക പരിശോധനകളാണു വരും ദിവസങ്ങളിലുണ്ടാവുക. യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ലോഗ് ബുക്ക്, സന്ദേശങ്ങള്‍ രേഖപ്പെടുത്തുന്ന വോയജ് ഡാറ്റാ റിക്കോര്‍ഡര്‍ എന്നിവയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഇതിനായി പരിശോധിക്കും. കപ്പല്‍ കമ്പനി അധികൃതര്‍ അന്വേഷണവുമായി സഹകരിക്കുമെ ന്നു നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.എം.വി.പ്രഭുദയതന്നെയാ ണു ബോട്ടില്‍ ഇടിച്ചതെന്നു സ്ഥി രീകരിക്കുന്നതിനു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അധികൃതര്‍ക്കു സാധിച്ചാല്‍ തുടര്‍നടപടികള്‍ക്കായി കപ്പല്‍ കൊച്ചിയിലേക്കു കൊണ്ടുവന്നേക്കും. ആദ്യം കൊച്ചിയിലെത്താനാണു നിര്‍ദേശിച്ചതെങ്കിലും കൊളംബോ തീരത്തുള്ള കപ്പലിനു ചെന്നൈയിലെത്തുകയാണു കൂടുതല്‍ സൗകര്യപ്രദം എന്ന് അറിയിച്ചതിനെ തുടര്‍ന്നാണു പ്രാഥമിക പരിശോധന അവിടെ നടത്താന്‍ തീരുമാനിച്ചത്. എം.വി. പ്രഭുദയ കൂടാതെ മൂന്നു കപ്പലുകള്‍കൂടി നിരീക്ഷണത്തിലുണ്ട്. പ്രഭുദയയിലെ പരിശോധനയുടെ ഫലം അനുസരിച്ചായിരിക്കും മറ്റു കപ്പലുകളുടെ കാര്യത്തിലെ നടപടി.