ബിന്‍ ലാദനെ വധിച്ചത് സര്‍ദാരിയുടെ അറിവോടെ

single-img
3 March 2012

അബോട്ടാബാദില്‍ ഉസാമ ബിന്‍ലാദന്റെ വസതിയില്‍ യുഎസ് സ്‌പെഷല്‍ കമാന്‍ഡോകള്‍ ആക്രമണം നടത്തിയത് പാക് പ്രസിഡന്റ് സര്‍ദാരിയുടെ അറിവോടെയാണെന്നു വെളിപ്പെടുത്തല്‍.. കഴിഞ്ഞ മെയ് രണ്ടിനു നടത്തിയ ആക്രമണത്തിലാണു ലാദന്‍ കൊല്ലപ്പെട്ടത്. യുഎസ് ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം കിട്ടിയ സര്‍ദാരി, സൈനിക മേധാവി കിയാനിയെ വിളിച്ച് യുഎസ് ഹെലികോപ്ടറുകളെ നേരിടാന്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ അയയ്ക്കരുതെന്നു നിര്‍ദേശിച്ചു. ഇന്നലെ ലണ്ടനിലെ പാക് ഹൈക്കമ്മീഷനില്‍ മെമ്മോഗേറ്റ് കേസില്‍ തെളിവു നല്‍കാനെത്തിയ വിവാദ പാക്-യുഎസ് ബിസിനസുകാരന്‍ മന്‍സൂര്‍ ഇജാസാണ് മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വീഡിയോ ലിങ്ക് മുഖേനയാണ് ഇജാസ് പാക്കിസ്ഥാനിലുള്ള ജുഡീഷ്യല്‍ കമ്മീഷനു മൊഴി നല്‍കിയത്.

ബിന്‍ലാദന്‍ കൊല്ലപ്പെട്ട ദിവസം രാത്രി 12.39നും 12.47നും ഇടയ്ക്ക് നാലു യുഎസ് ഹെലികോപ്ടറുകള്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ പ്രവേശിച്ച കാര്യം പാക് എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പാക് വ്യോമസേനയുമായും സൈനിക ഹെഡ്ക്വാര്‍ട്ടേഴ്‌സുമായും ബന്ധപ്പെട്ടു. സര്‍ഗോധയിലെയും പെഷവാറിലെയും കേന്ദ്രങ്ങളില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ കുതിച്ചുയര്‍ന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇവ പിന്‍വലിക്കുകയായിരുന്നു. അബോട്ടാബാദ് ആക്രമണത്തിനു പ്രത്യേക അനുമതിയുണെ്ടന്നും ഒരുദ്യോഗസ്ഥന്‍ പറഞ്ഞുവത്രെ. യുഎസ് കമാന്‍ഡോകളുമായി വന്ന ഹെലികോപ്ടറുകളുടെ പൈലറ്റുമാരും എയര്‍ട്രാഫിക് കണ്‍ട്രോളുമായി നടത്തിയ സംഭാഷണത്തിന്റെ രേഖകള്‍ തനിക്കു കിട്ടിയിട്ടുണെ്ടന്ന് ഇജാസ് വെളിപ്പെടുത്തി.