കപ്പലിടിച്ച് ബോട്ട് തകര്‍ന്നു; രണ്ടു പേര്‍ മരിച്ചു

single-img
29 February 2012

നീണ്ടകരയില്‍ നിന്നു കടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ട് കപ്പലിടിച്ച് തകര്‍ന്നു രണ്ടു മരിച്ചു. മത്സ്യത്തൊഴിലാളികളായ സേവ്യര്‍, ജസ്റ്റിന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേരെ കാണാതായി. ഒരാളെ രക്ഷപെടുത്തി. ഏഴു പേരാണ് ബോട്ടിലുണ്ടായിരുന്നത്.

ഡോണ്‍ എന്ന ബോട്ടാണ് കപ്പലിടിച്ച് തകര്‍ന്നത്. സമീപത്തു മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു സംഘമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ മൈക്കിള്‍, ജോസഫ് എന്നിവരെ തോട്ടപ്പള്ളി തീരത്തെത്തിച്ച ശേഷം അടിയന്തര വൈദ്യസഹായം നല്‍കുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ശക്തികുളങ്ങര സ്വദേശി ജേക്കബ് ആന്റണിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണിയോടെ ആലപ്പുഴയില്‍ നിന്നു 50 നോട്ടിക്കല്‍ മൈല്‍ ദൂരെ അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് സംഭവം. ഞായറാഴ്ചയാണ് നീണ്ടകരയില്‍ നിന്നു ഏഴംഗ സംഘം മത്സ്യബന്ധനത്തിനു പോയത്. അതേസമയം, റഡാറും വയര്‍ലസും ഉള്‍പ്പെടെ സംവിധാനങ്ങളുള്ള ബോട്ട് എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്ന് അറിവായിട്ടില്ല. കാണായവര്‍ക്കു വേണ്ടി തീരദേശസേനയും നാവികസേനയും തെരച്ചില്‍ തുടങ്ങി.

ഏതു കപ്പലുമായാണ് ബോട്ട് കൂട്ടിയിടിച്ചതെന്ന് അറിവായിട്ടില്ല. അപകടത്തില്‍പ്പെട്ട കപ്പല്‍ കണ്‌ടെത്തുന്നതിനായി കൊച്ചിയില്‍ നിന്നു നാവികസേനയുടെ പ്രത്യേക സംഘം പുറപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ച സംഭവത്തിനു ദിവസങ്ങള്‍ പിന്നിടുന്നതിനിടെയാണ് ദുരന്തം. അപകടത്തേക്കുറിച്ച് അന്വേഷിച്ച ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് തീരദേശസേന അറിയിച്ചു.

അതേസമയം, അപകടത്തേക്കുറിച്ച് തീരദേശസേനയെ അറിയിച്ചെങ്കിലും ഉടന്‍ സഹായം എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതാണ് രണ്ടു പേരുടെ മരണത്തിനു ഇടയാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തീരദേശസേന ഉടന്‍ സഹായത്തിനെത്തിയിരുന്നെങ്കില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുമായിരുന്നുവെന്ന് തീരദേശവാസികള്‍ പറഞ്ഞു.