ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുടെ മടക്കയാത്ര വിവാദമായി

single-img
29 February 2012

ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗൂലിയോ മരിയ തെര്‍സിയുടെ കൊച്ചിയില്‍ നിന്നുള്ള മടക്കയാത്രയും വിവാദമായി. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയുടെ ജനറല്‍ ഡിക്ലറേഷന്‍ റിപ്പോര്‍ട്ട് വൈകിയതുകൊണ്ട് മന്ത്രിയും സംഘവും അരമണിക്കൂര്‍ വിമാനത്തില്‍ ഇരിക്കേണ്ടതായി വന്നുവെന്നാണ് ഒരു പ്രധാന ആക്ഷേപം. മന്ത്രിയോടൊപ്പം നിയമാനുസൃതമായ പാസില്ലാതെ ഇറ്റലിയുടെ നാലു നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ സെക്യൂരിറ്റി ഹാള്‍ വരെ പോയി. ഒരാളും ഇവരെ പരിശോധിച്ചില്ല. വിസിറ്റേഴ്‌സ് ഏരിയായിലേക്കു വന്ന വിമാനത്താവള മാനേജിംഗ് ഡയറക്ടറെ വരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചിട്ടുള്ള കീഴ്‌വഴക്കമുണ്ട്.

എമിഗ്രേഷന്‍ കൗണ്ടറില്‍ സ്റ്റാമ്പ് ചെയ്യാത്ത പാസ്‌പോര്‍ട്ടുമായി അകത്തേക്കുപോയ മന്ത്രിയുടെ ടീമിലുള്ളവരെ തിരിച്ചുവിളിച്ചു പാസ്‌പോര്‍ട്ട് ശരിയാക്കി. രാവിലെ 9.30-ന് വിമാനത്താവളത്തിലെത്തിയ മന്ത്രിയും സംഘവും 10.30-നാണ് മടങ്ങിയത്. 23 നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥരും 10 മറ്റു സ്റ്റാഫും മന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു. കൊച്ചിയില്‍നിന്ന് ഇറ്റലിയുടെ വ്യോമസേന വിമാനത്തില്‍ വിയറ്റ്‌നാമിലേക്കാണ് ഇവര്‍ പോയത്.