കിംഗ്ഫിഷര്‍ പൂട്ടാനാവില്ലെന്നു മന്ത്രി അജിത് സിംഗ്

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടാനാവില്ലെന്നു സിവില്‍ വ്യോമയാന മന്ത്രി അജിത് സിംഗ്. ബാങ്കുകള്‍ പണം നല്‍കുന്നില്ല എന്ന കാരണത്താല്‍ കമ്പനി പൂട്ടാനാവില്ല. യാത്രക്കാരുടെ സുരക്ഷിതത്വം അട്ടിമറിക്കപ്പെട്ടിട്ടില്ല. അവര്‍ അവരുടേതയായ സമയക്രമത്തില്‍ വിമാനസര്‍വീസുകള്‍ നടത്തിവരുന്നു. അങ്ങനെയൊരു കമ്പനി പൂട്ടാനാവില്ലെന്നു അജിത് സിംഗ് പറഞ്ഞു. കൂടുതല്‍ സഹായം അനുവദിക്കുന്നതിനു മുമ്പ് ഓഹരി പുറപ്പെടുവിക്കാനാണ് ബാങ്കുകള്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1000 -മുതല്‍ 1200 കോടിയുടെ വരെ ഓഹരി പുറത്തിറക്കാനാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. എസ്ബിഐ ഉള്‍പ്പെടെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വായ്പ നല്‍കിയിരിക്കുന്നത്. ആറായിരം കോടിയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 7,057 കോടിയുടെ കടബാധ്യതയുണ്ട്. പണം കൊടുത്താല്‍ സൗകര്യം അനുവദിക്കുന്ന സമീപനമാണ് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും സ്വീകരിച്ചിരിക്കുന്നത്. 35 കോടിയുടെ നികുതി കുടിശിക അടയ്ക്കാത്തതിന്റെ പേരില്‍ എക്സൈസ് നികുതി വകുപ്പ് അധികൃതര്‍ ചില അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.