നിയമസഭ: ഇലക്ട്രോണിക് സംവിധാനങ്ങള്‍ 5.88 കോടി ചെലവില്‍ നവീകരിച്ചു

single-img
27 February 2012

കേരള നിയമസഭയിലെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ 5.88 കോടി രൂപ ചെലവില്‍ നവീകരിച്ചതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംയോജിത കംപ്യൂട്ടര്‍ നിയന്ത്രിത സമ്മേളന സംവിധാനം, ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം, തത്സമയ ഭാഷാന്തരീകരണ സമ്പ്രദായം, ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ സിസ്റ്റം, നിയമസഭാ ഹാളിനുള്ളില്‍ വീഡിയോ ആര്‍ക്കൈവല്‍ സംവിധാനം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. നിയമസഭാ ഹാളില്‍ പുതിയതായി സ്ഥാപിച്ചിട്ടുള്ള ദൃശ്യ- ശ്രാവ്യ സംവിധാനം ബെയര്‍ ഡൈനാമിക് എന്ന ജര്‍മന്‍ കമ്പനിയുടേതാണ്. സഭാനടപടികള്‍ പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യുന്നതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹകരണത്തോടെ പദ്ധതികള്‍ പൂര്‍ത്തിയായി വരികയാണെന്നു സ്പീക്കര്‍ അറിയിച്ചു.