ആന്റണിയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരേ ചൈന; ഇന്ത്യക്കു പ്രതിഷേധം

single-img
27 February 2012

പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന കടുത്ത പ്രതിഷേധം അറിയിച്ചത് ഇന്ത്യയെ ചൊടിപ്പിച്ചു. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ വ്യക്തമാക്കി. രാജ്യത്തെവിടെയും ഏതു സമയവും സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രിക്ക് അവകാശമുണെ്ടന്നും ഇതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും രാജ്യം പ്രതിഷേധം പ്രകടിപ്പിച്ചാല്‍ അതു ഗൗനിക്കില്ല. പ്രതിരോധമന്ത്രിയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈന എന്തിനാണ് ഇത്ര വേവലാതിപ്പെടുന്നതെന്നും കൃഷ്ണ ചോദിച്ചു.

തന്റെ സന്ദര്‍ശനത്തിനെതിരേ ചൈന നടത്തിയ പ്രതികരണം അങ്ങേയറ്റം ആക്ഷേപകരമാണെന്ന് ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു. പ്രതിരോധമന്ത്രിയെന്ന നിലയില്‍ രാജ്യത്തെവിടെയും ഏതുസമയവും സന്ദര്‍ശിക്കാനുള്ള അവകാശവും ബാധ്യതയും തനിക്കുണെ്ടന്നു നാഷണല്‍ മാരിടൈം ഫൗണേ്ടഷന്‍ സംഘടിപ്പിച്ച ഒരു ചടങ്ങിനെത്തിയ ആന്റണി മാധ്യമപ്രവര്‍ത്തകരോടു ചൂണ്ടക്കാട്ടി. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം തന്നെ അദ്ഭുതപ്പെടുത്തി. അതു തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ് – ആന്റണി കൂട്ടിച്ചേര്‍ത്തു.

അരുണാചല്‍പ്രദേശ് സംസ്ഥാന രൂപവത്കരണത്തിന്റെ രജതജൂബിലിയാഘോഷങ്ങളില്‍ പങ്കെടുക്കാനായാണ് കഴിഞ്ഞ 20ന് ആന്റണി തലസ്ഥാനമായ ഇറ്റാനഗറിലെത്തിയത്. സംസ്ഥാനത്തിനു ചില അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇതില്‍ കടുത്ത പ്രതിഷേധം അറിയിച്ച ചൈനീസ് വിദേശകാര്യവക്താവ് ഹൊംഗ് ലെയ്, അതിര്‍ത്തിപ്രദേശങ്ങളില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ ചൈനയുമൊത്ത് ഇന്ത്യ പ്രവര്‍ത്തിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. അതിര്‍ത്തിപ്രശ്‌നം സങ്കീര്‍ണമാക്കുന്ന ഏതൊരു പ്രവൃത്തിയില്‍നിന്നും ഇന്ത്യ വിട്ടുനില്‍ക്കണമെന്നും ചൈനീസ് വിദേശകാര്യവക്താവ് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

അരുണാചല്‍പ്രദേശിനെച്ചൊല്ലി ചൈനയും ഇന്ത്യയും തമ്മിലുള്ള തര്‍ക്കത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പലകുറി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇനിയും പരിഹാരമായിട്ടില്ല. അരുണാചല്‍പ്രദേശിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടേതാണെന്നും അതിനാല്‍ തങ്ങള്‍ തര്‍ക്കപ്രദേശമായി കാണുന്ന അവിടെ ഇന്ത്യയുടെ ഭാഗത്തുനിന്നു യാതൊരു ഇടപെടലും പാടില്ലെന്നുമാണു ചൈനയുടെ നിലപാട്. അരുണാചല്‍പ്രദേശില്‍നിന്നുള്ള ഒരു മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥനു കഴിഞ്ഞമാസം ചൈന വീസ നിഷേധിച്ചിരുന്നു. പ്രതിരോധ വിനിമയപരിപാടി പ്രകാരം ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍പ്രതിനിധിസംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥനാണു വീസ നിഷേധിച്ചത്. മുമ്പും ഇത്തരം നിലപാടുകള്‍ ചൈന കൈക്കൊണ്ടിരുന്നു. അരുണാചല്‍പ്രദേശില്‍നിന്നുള്ളവര്‍ക്കു പ്രത്യേക പേപ്പര്‍വീസ നല്കിയും ചൈന ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്നു പലകുറി അതിര്‍ത്തിലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണെ്ടങ്കിലും ഈ വിഷയം സങ്കീര്‍ണമാക്കാന്‍ ഇന്ത്യ തയാറായിരുന്നില്ല. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിലപാടാണു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് സ്വീകരിച്ചുവരുന്നത്.