പിറവം ഉപതെരഞ്ഞെടുപ്പ്: അനൂപ് ജേക്കപ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

single-img
27 February 2012

പിറവം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ അനൂപ് ജേക്കബ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ പാമ്പാക്കുടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എം. അരവിന്ദാക്ഷന്‍ നായര്‍ക്ക് മുന്‍പാകെയാണ് അനൂപ് പത്രിക സമര്‍പ്പിച്ചത്. പത്രിക നല്‍കാനായി രാവിലെ 10.30 ഓടെ തന്നെ അനൂപ് ഉപവരണാധികാരിയുടെ ഓഫീസിലെത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂര്‍, കേരള കോണ്‍ഗ്രസ്-എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനൂപ് എത്തിയത്. അമ്മ ഡെയ്‌സിയും ഭാര്യയും അനൂപിനൊപ്പം ഓഫീസിന്റെ കവാടം വരെയെത്തി. രാവിലെ ദേവാലയങ്ങളില്‍ പ്രാര്‍ഥന നടത്തിയ ശേഷം പിതാവ് ടി.എം. ജേക്കബിന്റെ കുഴിമാടത്തിലും പൂക്കളര്‍പ്പിച്ച് പ്രാര്‍ഥിച്ചാണ് അനൂപ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്.