അഫ്ഗാന്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം; ഒമ്പതു മരണം

single-img
27 February 2012

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദിലുള്ള സൈനിക വിമാനത്താവളത്തില്‍ താലിബാന്‍കാര്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരിക്കേറ്റു. നാറ്റോ വ്യോമതാവളത്തില്‍ സൈനികര്‍ ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ശമനമില്ലാതെ തുടരുകയാണ്. ഇതിനകം 30 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ഖുര്‍ ആന്‍ കത്തിച്ച സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഒബാമ മാപ്പുപറഞ്ഞെങ്കിലും താലിബാന്‍ പ്രക്ഷോഭത്തില്‍ നിന്നു പിന്മാറിയില്ല. ജലാലബാദിലെ കാര്‍ബോംബ് സ്‌ഫോടനം ഖുര്‍ ആന്‍ കത്തിച്ചവരോടുള്ള പ്രതികാരമാണെന്ന് താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. നാറ്റോ സേനയിലെ രണ്ടു യുഎസ് സൈനികരെ വെടിവച്ചുകൊന്ന അഫ്ഗാന്‍ ഉദ്യോഗസ്ഥനുവേണ്ടി തെരച്ചില്‍ ആരംഭിച്ചതായി കാബൂളില്‍ ആഭ്യന്തരമന്ത്രാലയ വക്താവു പറഞ്ഞു.