സിറിയയില്‍ അക്രമം; 31 പേര്‍ കൊല്ലപ്പെട്ടു

single-img
26 February 2012

സിറിയയില്‍ ഹിതപരിശോധനാ വോട്ടെടുപ്പ് നടക്കുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളിലും വെടിവയ്പിലും സൈനികരും സിവിലിയന്മാരുമായി ഇന്നലെ 31 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച 98 പേര്‍ക്കു ജീവഹാനി നേരിട്ടു. പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന് 2028വരെ ഭരണത്തില്‍ തുടരാന്‍ അവസരമൊരുക്കുന്ന ഹിതപരിശോധന പ്രഹസനമാണെന്നു പ്രതിപക്ഷവും പാശ്ചാത്യരാജ്യങ്ങളും ആരോപിച്ചു. വോട്ടെടുപ്പു ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷത്തെ രണ്ടു ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹോംസ് നഗരത്തില്‍ സൈന്യം ഇന്നലെയും കനത്ത ഷെല്ലാക്രമണം നടത്തിയെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.ഒമ്പതു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇവിടെ വിമതപട്ടാളക്കാര്‍ നടത്തിയ ആക്രമണത്തില്‍ നാലു സര്‍ക്കാര്‍ സൈനികര്‍ക്കും ജീവഹാനി നേരിട്ടു. സിറിയയില്‍ മറ്റു സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ എട്ടു സാധാരണക്കാരും പത്തു സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടു.