ദേവസ്വം ബോര്‍ഡ് പരീക്ഷയില്‍ സംഘര്‍ര്‍ഷം

single-img
26 February 2012

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ വിവിധ തസ്തികകളിലേക്ക് എല്‍ബിഎസ് നടത്തിയ പരീക്ഷ ആലപ്പുഴയില്‍ തടസപ്പെടുത്തിയ സംഘത്തെ ഉദ്യോഗാര്‍ഥികള്‍ കൈകാര്യം ചെയ്തു. എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് അതിക്രമിച്ചു കയറി പരീക്ഷ തടസപ്പെടുത്തിയത്. സംവരണതത്ത്വം പാലിക്കണമെന്നാവശ്യപ്പെട്ടാണു ടിഡി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാസെന്ററിലേക്കു യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. പരീക്ഷാഹാളില്‍ കടന്ന പ്രവര്‍ത്തകര്‍ പരീക്ഷാര്‍ഥികളില്‍നിന്നു ചോദ്യപേപ്പര്‍ ബലമായി വാങ്ങി കീറിക്കളഞ്ഞു.

ഇതോടെ പരീക്ഷ തടസപ്പെടുത്തിയവരും ഉദ്യോഗാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. വാച്ചര്‍, തളി, കഴകം തസ്തികകളിലേക്കായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആലപ്പുഴ ടി.ഡി. സ്‌കൂളില്‍ നടത്തിയ എഴുത്തുപരീക്ഷ അലങ്കോലപ്പെട്ടത്. ഇന്നലെ രാവിലെ 11 ഓടെ മുദ്രാവാക്യങ്ങളുമായി എത്തിയ പതിനഞ്ചോളം പേരാണ് എത്തിയത്. പരീക്ഷ തടസപ്പെടുത്തിയശേഷം പുറത്തേക്കിറങ്ങിയ യൂത്ത് മൂവ്‌മെന്റ്പ്രവര്‍ത്തകരെ ഉദ്യോഗാര്‍ഥികളും ബന്ധുക്കളും ചേര്‍ന്നു നേരിട്ടു. ഇതോടെ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ചിതറിയോടി. സ്‌കൂളിന്റെ മതില്‍ക്കെട്ടിനുള്ളില്‍ അകപ്പെട്ട രണ്ടു സമരക്കാര്‍ക്കു മര്‍ദനമേറ്റു. യൂത്ത് മൂവ്‌മെന്റ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സന്തോഷ് ശാന്തി, എസ്എന്‍ഡിപി ചേര്‍ത്തല താലൂക്ക് യൂണിയന്‍ കൗണ്‍സിലര്‍ ജയകുമാര്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. വിവരമറിഞ്ഞെത്തിയ പോലീസ് മര്‍ദനമേറ്റ പ്രവര്‍ത്തകരെ സ്‌കൂളിലെ മുറിയിലാക്കി വാതിലടച്ചു. എന്നാല്‍, ക്ഷുഭിതരായ പരീക്ഷാര്‍ഥികളും ബന്ധുക്കളും പിന്മാറാന്‍ തയാറായില്ല. കൂടുതല്‍ പോലീസെത്തിയാണു രംഗം ശാന്തമാക്കിയത്. യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ്‌ചെയ്തു. പരിക്കേറ്റ പ്രവര്‍ത്തകര്‍ പുന്നപ്ര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ക്കെതിരേയും ഇരുപത്തഞ്ചോളം ഉദ്യോഗാര്‍ഥികള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു യൂത്ത് മൂവ്‌മെന്റ് ഇന്നു ജില്ലയില്‍ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതേ സമയം ദേവസ്വം ബോര്‍ഡ് പരീക്ഷാകേന്ദ്രത്തില്‍ നടന്ന അക്രമത്തെപ്പറ്റി അന്വേഷിക്കുമെന്ന് ആലപ്പുഴയില്‍ പി.ടി.ചാ ക്കോ ഫൗണേ്ടഷന്‍ അവാര്‍ഡ് ദാനത്തിനെത്തിയ മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കു വിടുന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.