ജനങ്ങളെ വലയ്ക്കുന്ന കഴക്കുട്ടം സോണല്‍ ഓഫീസ്

single-img
25 February 2012

ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും മാന്യമായി നിറവേറ്റുവാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സ്ഥാപിക്കുന്ന പല സംരംഭങ്ങളും ജനങ്ങളെ എങ്ങിനെ ദ്രോഹിക്കാം എന്നതിന്റെ ഉദാഹരണങ്ങളായി മാറുകയാണ്. അതിനു പ്രത്യക്ഷ ഉദാഹരണമാണ് കഴക്കുട്ടത്തെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ്.

ഒരു സര്‍ക്കാര്‍ ഉദ്യോഗം കയ്യില്‍ കിട്ടിയാല്‍ എന്തുമാകാമെന്ന ധാരണ ഭരിക്കുന്ന ചില പുംഗവന്‍മാരുടെ കയ്യിലാണ് ഈ ഓഫീസിന്റെ പ്രവര്‍ത്തനം. കഴക്കുട്ടം പോലുള്ള തിരക്കുപിടിച്ച ഒരു പ്രദേശത്ത് പല ആവശ്യങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ രാവിലെ മുതല്‍ ഓഫീസിനു മുന്നില്‍ കാത്തിരിപ്പ് തുടരുമ്പോള്‍ ഓഫീസ് ഭരിക്കുന്ന സാറന്‍മാര്‍ എഴുന്നെള്ളുന്ന സമയം ഉച്ചയ്ക്ക് പതിനൊന്നും പന്ത്രണ്ടുമൊക്കെയാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയക്രമമൊന്നും തങ്ങളെയാതൊരു കാരണവശാലും ബാധിക്കുന്നതല്ല എന്നതാണ് ഈ ഓഫീസര്‍മാരുടെ ചിന്തയെന്ന് തോന്നുന്നു.

സമയം തെറ്റി വരുന്നതും പോകട്ടെ, അവിടെ വരുന്ന ആവശ്യക്കാരെ മുന്നും നാലും ദിവസം ഓഫീസുവരെ നടത്തിച്ചില്ലെങ്കില്‍ സാറന്‍മാര്‍ക്ക് ഉറക്കവും വരില്ല. എത്ര ചെറിയ ആവശ്യമായിരുന്നാലും കുറഞ്ഞത് നാലു ദിവസം ഈ ഓഫീസില്‍ വന്നിരിക്കണമെന്നതാണ് ഇപ്പോള്‍ നിലവിലുള്ള ചിട്ട. പല വീട്ടമ്മമാരും പ്രവാസികളും ലൈസന്‍സിനും മറ്റ് പ്രധാന ആവശ്യങ്ങള്‍ക്കും വേണ്ടി ഓഫീസിനു മുന്നില്‍ കാത്തു കിടക്കുമ്പോള്‍ അതു കണ്ടതായിപ്പോലും ഭാവിക്കാതെ തോന്നുന്ന സമയത്ത് കയറിവരുന്ന ഇവര്‍ പോകുന്ന കാര്യത്തില്‍ ആ ഒരു പിശുക്ക് കാണിക്കുന്നില്ല. വൈകുന്നേരം നാലുമണിയാകുമ്പോഴേക്കും പല കസേരകളും ഒഴിയുമെന്ന് പൊതുജനങ്ങള്‍ പറയുന്നു.

പല അപേക്ഷകളും കൊടുത്തു കഴിഞ്ഞിട്ട് അടുത്ത ദിവസം ചെല്ലുമ്പോള്‍ ‘അത് കണ്ടില്ല…. വേറൊന്നു തരു’ എന്നായിരിക്കും മറുപടിയെന്ന് അനുഭവസ്ഥര്‍. കെടുകാര്യസ്ഥതയ്ക്ക് സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ അവാര്‍ഡുണ്ടെങ്കില്‍ അത് കഴക്കുട്ടം സോണല്‍ ഓഫീസിനായിരിക്കുമെന്ന് തീര്‍ച്ച. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് പതിഞ്ഞില്ലെങ്കില്‍ പൊതുജനങ്ങളുടെ ഇടയില്‍ നിന്നും ശക്തമായ പ്രതിഷേധമായിരിക്കും ഉയരാന്‍ പോകുന്നത്.