നിയമന വിവാദം: നിയമസഭാ സമിതിക്ക് അരുണ്‍കുമാര്‍ കത്ത് നല്‍കി

single-img
25 February 2012

നിയമന വിവാദത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍പ് തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ നിയമസഭാ സമിതിക്ക് കത്ത് നല്‍കി. ഇന്ന് രാവിലെയാണ് കത്ത് നല്‍കിയത്.

കത്തിന്റെ അടിസ്ഥാനത്തില്‍ അരുണ്‍കുമാറിന് വിശദീകരണത്തിന് അവസരം നല്‍കുമോ എന്ന് വ്യക്തമായിട്ടില്ല. വി.ഡി. സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതി മാര്‍ച്ച് എട്ടിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്. ഇതിന് മുന്‍പായി മാര്‍ച്ച് രണ്ടിന് ഒരു സിറ്റിംഗ് കൂടി സമിതി നടത്തുന്നുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്തുന്ന സമിതി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മുന്‍ മന്ത്രി എം.എ. ബേബി, വി.എ.അരുണ്‍കുമാര്‍, ഐടി വകുപ്പിന്റെ മുന്‍ സെക്രട്ടറിമാരായ ടി. ബാലകൃഷ്ണന്‍, ശ്രീനിവാസന്‍, കെ. സുരേഷ്‌കുമാര്‍, അജയകുമാര്‍, മുന്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോണ്‍, ഇപ്പോഴത്തെ സെക്രട്ടറി കെ.എം. ഏബ്രഹാം, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സയ്യിദ് അന്‍വര്‍ അലി, ഐഎച്ച്ആര്‍ഡി മുന്‍ ഡയറക്ടര്‍ ഡോ.വി. സുബ്രഹ്മണി തുടങ്ങിയവരില്‍ നിന്നു തെളിവെടുത്തിരുന്നു.

ഐസിടി അക്കാഡമി ഡയറക്ടറായി അരുണ്‍കുമാറിനെ വഴിവിട്ട് നിയമിച്ചത്, മതിയായ യോഗ്യതയില്ലാതെ ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത്, മോഡല്‍ ഫിനിഷിംഗ് സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഒരു സ്വകാര്യ സ്ഥാപനത്തിനു വഴിവിട്ടു നല്‍കിയ സഹായങ്ങള്‍ എന്നീ നാലു കാര്യങ്ങളാണ് കമ്മിറ്റി പരിശോധിക്കുന്നത്.