മദ്യപന്‍മാര്‍ക്ക് ട്രയിനില്‍ കെണി: 51 പേര്‍ പിടിയിലായി

single-img
24 February 2012

മദ്യപിച്ചു ട്രെയിനില്‍ യാത്രചെയ്ത 51 പേരെ ഇന്നലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ആര്‍പിഎഫ്് നടത്തിയ പരിശോധനയിലാണ് 51 പേരെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായതു തിരുവനന്തപുരത്തു നിന്നാണ് 20 പേര്‍. ആര്‍പിഎഫ് കമ്മീഷണര്‍ കെ.ജെ. ജോയി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്തവരെ പിടികൂടിയത്. മദ്രാസ് മെയില്‍, കണ്ണൂര്‍ എക്‌സ്പ്രസ്, മാവേലി, അമൃത, മലബാര്‍ എന്നീ ട്രെയിനുകളിലാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ബ്രെത്ത് അനലൈസറുമായി പരിശോധന നടത്തിയത്.

ട്രെയിനുകളിലെ എന്‍ജിന്‍ ഡ്രൈവര്‍മാര്‍, പെട്രോള്‍ അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ ജീവനക്കാരെയും പരിശോധനയ്ക്കു വിധേയരാക്കി. റെയില്‍വേ ഉദ്യോഗസ്ഥര്‍ മദ്യപിച്ചു യാത്ര ചെയ്താലും ഒരു വിട്ടുവീഴ്ചയും കാണിക്കാതെ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു കമ്മീഷണര്‍ കെ.ജെ.ജോയി ദീപികയോടു പറഞ്ഞു. റെയില്‍വേ ജീവനക്കാര്‍ ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നതായ വിവരം ലഭിച്ചാല്‍ ടോള്‍ഫ്രീ നമ്പരായ 9995040000ല്‍ അറിയിക്കാം.

ട്രെയിനുകളിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും മദ്യലഹരിയില്‍ യാത്ര ചെയ്തുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായാണു മദ്യപര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ തയാറായത്. ഈ സമ്പ്രദായം നിലവില്‍ വന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് വനിതാ യാത്രക്കാരാണ്. മുമ്പു മദ്യലഹരിയില്‍ ട്രെയിനുകളില്‍ കയറി വിലസിയിരുന്ന പലരും ഇപ്പോള്‍ പിന്‍വലിഞ്ഞതായി വനിതാ യാത്രക്കാര്‍ പറഞ്ഞു.