കേന്ദ്രത്തിനെതിരെയുള്ള സിനിമാ സമരം പൂര്‍ണ്ണം

single-img
24 February 2012

സിനിമാ മേഖലയില്‍ സേവന നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായ സമരത്തിന്റെ ഭാഗമായി ഇന്നലെ കേരളത്തില്‍ നടത്തിയ പണിമുടക്കില്‍ മലയാള ചലച്ചിത്രരംഗം സ്തംഭിച്ചു. സിനിമാ നിര്‍മാണവും വിതരണവും പ്രദര്‍ശനവും പൂര്‍ണമായും നിലച്ചു. ഷൂട്ടിംഗുകള്‍ നടന്നില്ല. കേരളത്തിലെ എല്ലാ തിയറ്ററുകളും ഇന്നലെ അടച്ചിട്ടു.

കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന പണിമുടക്കില്‍ മലയാള സിനിമാ മേഖലയിലെ എല്ലാ സംഘടനകളും പങ്കെടുത്തു.

ഇന്നലെ എറണാകുളം സരിത, സവിത തിയറ്ററുകളില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ ചലച്ചിത്ര സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു. നിര്‍മാതാവ് നവോദയ അപ്പച്ചന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് ബി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മിലന്‍ ജലീല്‍, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാഗാ അപ്പച്ചന്‍, കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി. മോഹനന്‍, താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, നടന്‍മാരായ മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.