ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു വിളപ്പില്‍ പഞ്ചായത്ത്

single-img
24 February 2012

വിളപ്പില്‍ശാല പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി പറഞ്ഞു. ഏതു സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. വിളപ്പില്‍ശാലയിലെ ജനകീയ പ്രക്ഷോഭം നേരിടാന്‍ സിആര്‍പിഎഫിന്റെ സഹായം തേടാനുള്ള ഹൈക്കോടതി നിര്‍ദേശത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍.. പഞ്ചായത്തില്‍ 27നു വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രശ്‌നം നിയമപരമായി എങ്ങനെ നേരിടാമെന്നു ചര്‍ച്ച ചെയ്യും. സുപ്രീം കോടതിയെ സമീപിക്കാനുള്ള പണം കണെ്ടത്തുന്നതിനായി ഫണ്ട് ശേഖരണം നടത്തും. ഹൈക്കോടതിയില്‍ തെറ്റായ വിവരമാണു കേരള സര്‍ക്കാര്‍ നല്‍കിയതെന്നാണു വിളപ്പില്‍ പഞ്ചായത്തിന്റെ നിലപാട്.

ഫെബ്രുവരി 14നു വിളപ്പില്‍ശാലയില്‍ സ്ത്രീകളെയും കുട്ടികളെയും പോലീസ് ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നതിന് ഇന്നലെ ചേര്‍ന്ന വിളപ്പില്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കുന്നതിനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെയാണു ചവര്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. കോടതിവിധി എന്തായാലും പ്രശ്‌നമല്ലെന്നു ജനകീയ സമരസമിതി പ്രസിഡന്റ് ബുര്‍ഹാന്‍ പ്രതികരിച്ചു. ചവറുമായി വരുന്ന ലോറികള്‍ തടയും. ജനങ്ങളുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ബുര്‍ഹാന്‍ പറഞ്ഞു.