തിങ്കളാഴ്ചവരെ കപ്പല്‍ വിട്ടയക്കരുതെന്ന് കോടതി ഉത്തരവ്

single-img
24 February 2012

രണ്ടു തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു കൊച്ചി തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലക്‌സി തിങ്കളാഴ്ച വൈകുന്നേരംവരെ വിട്ടയയ്ക്കരുതെന്നു ഹൈക്കോടതി നിര്‍ദേശം. വെടിവയ്പില്‍ മരിച്ച കൊല്ലം സ്വദേശി വാലന്റൈന്റെ ഭാര്യ ഡോറമ്മ നല്കിയ അപ്പീലിലാണു ജസ്റ്റീസ് വി. രാംകുമാര്‍, ജസ്റ്റീസ് കെ. ഹരിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഡോറമ്മയുടെ ഹര്‍ജിയില്‍ 25 ലക്ഷം രൂപ ബാങ്ക് ഗാരന്റി കെട്ടിവയ്ക്കാന്‍ കപ്പലുടമകളോടു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ബാങ്ക് ഗാരന്റി നല്കിയാലും തിങ്കളാഴ്ച വൈകുന്നേരം അഞ്ചുവരെ തുറമുഖത്തുനിന്നു കപ്പല്‍ കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണു കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്കു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്കിയിരിക്കുന്നത്. ഒരു കോടി രൂപയെങ്കിലും ഗാരന്റിയായി നിശ്ചയിച്ചില്ലെങ്കില്‍ ഹര്‍ജി അനുവദിച്ചാലും ഇറ്റാലിയന്‍ അധികൃതരില്‍നിന്നു നഷ്ടപരിഹാരത്തുക ഈടാക്കാനാവില്ലെന്നു ഹര്‍ജിക്കാരി അപ്പീലില്‍ ബോധിപ്പിച്ചു.

മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം വാഹനാപകടങ്ങളും മറ്റ് അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പോലെയല്ല പരിഗണിക്കേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കും. വെടിവയ്പില്‍ കൊല്ലപ്പെട്ട കന്യാകുമാരി സ്വദേശി അജീഷ് ബിങ്കുവിന്റെ സഹോദരിമാര്‍ നല്കിയ അപ്പീലും തിങ്കളാഴ്ച കോടതി പരിഗണിക്കും.