ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടത് ആയുധം കാണിച്ചല്ല: മുഖ്യമന്ത്രി

single-img
24 February 2012

ആയുധം കാണിച്ചല്ല പോലീസ് ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ പോലീസിനു കഴിയണം. രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ നടന്ന കേരള ആംഡ് പോലീസിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രമസമാധാനവും കുറ്റാന്വേഷണവും വ്യത്യസ്തമാക്കും. പ്രത്യേക പരിഗണന നല്‍കി കുറ്റാന്വേഷണരീതിയില്‍ മാറ്റം വരുത്തും. സാമൂഹ്യ പ്രതിബദ്ധതയോടെ പോലീസ് പ്രവര്‍ത്തിക്കണം. ക്രമസമാധാനമെന്ന പോലെതന്നെ പ്രാധാന്യം കുറ്റാന്വേഷണത്തിനും നല്കണം. സമൂഹത്തിനെതിരേ നടക്കുന്ന കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിനും കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനും പ്രത്യേക ശ്രദ്ധ നല്കണമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

ഇറ്റാലിയന്‍ കപ്പലിലെ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പെട്ടെന്നു സാധിച്ച കോസ്റ്റ്ഗാര്‍ഡിന്റെയും പോലീസിന്റെയും നടപടികള്‍ വളരെ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍, മേയര്‍ ഐ.പി.പോള്‍, ഡിജിപി ജേക്കബ് പുന്നൂസ്, പോലീസ് അക്കാദമി ഡയറക്ടര്‍ പ്രേംശങ്കര്‍, എഡിജിപി ശ്രീലേഖ, ഐജി ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.