ഇസിന്‍ബയേവയ്ക്ക് വീണ്ടും ലോകറിക്കാര്‍ഡ്

single-img
24 February 2012

റഷ്യയുടെ പോള്‍വോള്‍ട്ട് താരം യെലേന ഇസിന്‍ബയേവയ്ക്ക് വീണ്ടും ലോക റിക്കാര്‍ഡ്. സ്വീഡനിലെ സ്‌റ്റോക്‌ഹോമില്‍ നടന്ന എക്‌സ് എല്‍ ഗാലന്‍ മീറ്റിലാണ് ഇസിന്‍ പുതിയ ഇന്‍ഡോര്‍ റിക്കാര്‍ഡ് സ്ഥാപിച്ചത്. 5.01 മീറ്റര്‍ ചാടിയാണ് ഇസിന്‍ വീണ്ടും ലോകത്തിന്റെ നെറുകയില്‍ കസേര ഉറപ്പിച്ചത്. ഇസിന്‍ ബയേവയുടെ 28-ാം ലോക റിക്കാര്‍ഡാണിത്. 13-ാമത്തെ ഇന്‍ഡോര്‍ ലോക റിക്കാര്‍ഡും. രണ്ടുവട്ടം ഒളിമ്പിക് ചാമ്പ്യനായിരുന്ന ഇസിന്‍ ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായിരുന്നു. ലണ്ടന്‍ ഒളിമ്പിക്‌സിനു തയാറെടുക്കുന്ന ഇസിന് ഈ പ്രകടനം പുത്തന്‍ ഉണര്‍വു നല്‍കിയിരിക്കുകയാണ്.

ഗ്ലോബ് അരീനയില്‍ നടന്ന മത്സരത്തില്‍ തന്റെതന്നെ പേരിലുള്ള അഞ്ചു മീറ്റര്‍ എന്ന റിക്കാര്‍ഡാണ് ഇസിന്‍ പഴങ്കഥയാക്കിയത്. യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌കിലായിരുന്നു ഈ പ്രകടനം. രണ്ടരവര്‍ഷത്തിനുശേഷമാണ് ഇസിന്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിക്കുന്നത്. രണ്ടാമത്തെ അവസരത്തില്‍ത്തന്നെ ഇസിന്‍ ലോകറിക്കാര്‍ഡ് തിരുത്തിക്കുറിച്ചു.

ഒളിമ്പിക്‌സില്‍ ഇസിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുമെന്നു കരുതിയിരുന്ന ബ്രിട്ടന്റെ ഹോളി ബ്ലീഡെയ്‌ലിനാണ് വെള്ളി. എന്നാല്‍, അവര്‍ക്ക് 4.72 മീറ്റര്‍ മാത്രമാണ് പോളില്‍ ഉയരാന്‍ പറ്റിയത്. ഇതേ ദൂരമുയര്‍ന്ന ക്യൂബയുടെ സിരിസ്ലി സില്‍വയ്ക്കാണ് വെങ്കലം. 2009 ഓഗസ്റ്റില്‍ സൂറിച്ചില്‍ നടന്ന മീറ്റില്‍ 5.06 മീറ്റര്‍ ഉയര്‍ന്നാണ് ഇസിന്‍ ഔട്ട്‌ഡോര്‍ ലോക റിക്കാര്‍ഡ് സ്ഥാപിച്ചത്.