സ്ഥാനാര്‍ഥികളെ ഒഴിവാക്കാനുള്ള അവകാശബോധവത്ക്കരണത്തിന് ഹസാരെ പര്യടനത്തിനൊരുങ്ങുന്നു

single-img
24 February 2012

തങ്ങള്‍ക്കു താത്പര്യമില്ലാത്ത സ്ഥാനാര്‍ഥികളെ ഒഴിവാക്കാനുള്ള അവകാശത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ അന്നാ ഹസാരെ രാജ്യവ്യാപക പര്യടനത്തിനൊരുങ്ങുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിനു മുന്നോടിയായാണു ഹസാരെ പര്യടനം നടത്തുക. ക്രിമിനല്‍ കേസുകളില്‍പ്പെടുന്നവര്‍ മത്‌സരിക്കുന്ന പശ്ചാത്തലത്തില്‍ സമ്മതിദായകന്‍ വോട്ടു നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതു രേഖപ്പെടുത്താന്‍ വോട്ടില്ല എന്ന ബട്ടണ്‍ മെഷീനില്‍ ഉള്‍പ്പെടുത്തണമെന്നും ഇതു നിയമാനുസൃതമാക്കണമെന്നും ആവശ്യപ്പെട്ട് ഹസാരെ സംഘം കഴിഞ്ഞദിവസം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ. ഖുറേഷിയെ സമീപിച്ചിരുന്നു. സന്തോഷ് ഹെഗ്‌ഡെ, പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കേജരിവാള്‍, കിരണ്‍ ബേദി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നു തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഉറപ്പുനല്കിയതായി ഇവര്‍ അറിയിച്ചു.