കര്‍ണ്ണാടകയില്‍ നേതൃമാറ്റമില്ലെന്നു ഗഡ്കരി

single-img
24 February 2012

മുഖ്യമന്ത്രിസ്ഥാനം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി എംഎല്‍എമാരെ അണിനിരത്തി ശക്തി തെളിയിക്കുകയും പാര്‍ട്ടി നേതൃത്വത്തിന് അന്ത്യശാസനം നല്‍കുകയും ചെയ്ത കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ സമ്മര്‍ദതന്ത്രം വിലപ്പോയില്ല. കര്‍ണാടകയില്‍ അധികാരമാറ്റമുണ്ടാകില്ലെന്നും നിലവിലെ മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡയുടെ പ്രവര്‍ത്തനം മികച്ചതാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഇന്നലെ വ്യക്തമാക്കി.

സംസ്ഥാനത്തു യാതൊരുവിധ രാഷ്ട്രീയ പ്രതിസന്ധിയുമില്ലെന്നും ബാംഗളൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തു പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയനായ നേതാവാണു യെദിയൂരപ്പയെന്നും കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് മൂന്നിനു ഡല്‍ഹിയില്‍ സംസ്ഥാനത്തുനിന്നുള്ള നേതാക്കളുടെ യോഗം വിളിച്ചിട്ടുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ 70-ാം ജന്മദിനമായ 27 നകം മുഖ്യമന്ത്രിസ്ഥാനം തിരികെനല്‍കണമെന്ന് യെദിയൂരപ്പ അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് ഗഡ്കരി പാര്‍ട്ടിനിലപാടു വ്യക്തമാക്കിയത്. ഗഡ്കരി സംസ്ഥാനത്തെത്തുന്നതിനു മുന്നോടിയായി, തന്നെ പിന്തുണയ്ക്കുന്ന 62 ഓളം എംഎല്‍എമാരെ അണിനിരത്തിയാണ് വ്യാഴാഴ്ച യെദിയൂരപ്പ പാര്‍ട്ടിക്ക് അന്ത്യശാസനം നല്‍കിയത്. 27നകം മുഖ്യമന്ത്രിസ്ഥാനം തിരിച്ചു നല്‍കുകയോ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കുകയോ ചെയ്യണമെന്ന അന്ത്യശാസനത്തില്‍ യെദിയൂരപ്പ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.