ട്രയിനില്‍ മദ്യപിച്ച് യാത്രചെയ്താല്‍ ആറുമാസം വരെ തടവ്

single-img
23 February 2012

മദ്യപിച്ചു ട്രെയിനില്‍യാത്ര ചെയ്താല്‍ ആറുമാസംവരെ തടവും പിഴയും ലഭിക്കും. മദ്യപിച്ചു യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ റെയില്‍വേ പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തി. നാല്‍പ്പതോളം പേരെ പിടികൂടിയിട്ടുണ്ട്. മദ്യപിച്ച് പ്ലാറ്റ്‌ഫോമിലോ റെയില്‍വേ സ്‌റ്റേഷന്‍ കോമ്പൗണ്ടിലോ കടന്നാല്‍ ആറുമാസംവരെ തടവും 500 രൂപ വരെ പിഴയും ലഭിക്കാമെന്നു ആര്‍പിഎഫ് കമന്‍ഡാന്റ് ജനറല്‍ കെ.ജി. ജോയി അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേ ആക്ടിലെ 145 (എ) പ്രകാരമാണു ശിക്ഷ ലഭിക്കാവുന്നത്. ധാരാളം പുരുഷയാത്രക്കാര്‍ മദ്യപിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്യുന്നതു വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നിയമം കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ചു ജോലി ചെയ്യുന്ന റെയില്‍വേ ജീവനക്കാര്‍ക്കും ഇതേ നിയമം ബാധകമാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്കുള്ള ശിക്ഷ കൂടാതെ ആറുമാസംവരെ തടവും 500 രൂപ വരെ പിഴയും റെയില്‍വേ ജീവനക്കാര്‍ക്കു ലഭിക്കും. ട്രെയിനിനുള്ളിലിരുന്നു മദ്യപിച്ചാല്‍ മാത്രമേ നേരത്തെ നടപടി സ്വീകരിച്ചിരുന്നുള്ളൂ.