സമാധാനയോഗം നടന്നിട്ടും കണ്ണൂരില്‍ ആക്രമണത്തിനു കുറവില്ല

single-img
23 February 2012

സര്‍വകക്ഷി യോഗം ചേര്‍ന്നു സമാധാനം പുനഃസ്ഥാപിക്കാന്‍ ധാരണയായിട്ടും കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ക്കു ശമനമില്ല. വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ബാങ്കിനും നേരേ ആക്രമണം നടന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രി കാന്റീനില്‍ ജീവനക്കാര്‍ കിടന്നുറങ്ങുന്ന സ്ഥലത്തുനിന്നു രണ്ടു നാടന്‍ ബോംബുകള്‍ കണെ്ടത്തി. ഡിജിപി ജേക്കബ് പുന്നൂസ് ഇന്നു രാവിലെ തളിപ്പറമ്പിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

തളിപ്പറമ്പ് ഏഴാംമൈലില്‍ മുസ്‌ലിംലീഗ് ശാഖാ പ്രസിഡന്റ് കണ്ണങ്കീല്‍ മുസ്തഫയുടെ പ്ലാത്തോട്ടത്തെ വീട് ബുധനാഴ്ച രാത്രി 11.30ഓടെ ആക്രമിക്കപ്പെട്ടു. ജനല്‍ച്ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. തളിപ്പറമ്പ് ടൗണില്‍ പോസ്റ്റ് ഓഫീസ് റോഡിലെ ഏഴോം സ്വദേശി കെ. രമേശന്റെ ഉടമസ്ഥതയിലുള്ള പാഥേയം ഹോട്ടലിനു തീവച്ചു. കാര്‍പ്പറ്റുകള്‍ കൂട്ടിയിട്ടു വെളിച്ചെണ്ണയൊഴിച്ചു തീവയ്ക്കുകയായിരുന്നു. ഹോട്ടലിനുള്ളില്‍ ഉണ്ടായിരുന്ന സിഗരറ്റുപായ്ക്കറ്റുകളും 2,000 രൂപയും നഷ്ടപ്പെട്ടു. പരിയാരം കോട്ടത്തുംചാല്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു തീയിട്ടു. വാതിലിനു സമീപം കൊടികള്‍ കൂട്ടിവച്ച് മണ്ണെണ്ണയൊഴിച്ചു തീയിട്ടെങ്കിലും പെട്ടെന്നു തീ അണഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായില്ല. പഴയങ്ങാടി ബി.വി. റോഡില്‍ സിപിഎമ്മിന്റെ ഭരണത്തിലുള്ള മാടായി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശാഖയ്ക്കു നേരേ ആക്രമണമുണ്ടായി. ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ രണേ്ടാടെ ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.