പീഡനത്തിനിരയായ ബംഗാളി പെണ്‍കുട്ടിയുടെ പ്രായം 15 വയസില്‍ താഴെ മാത്രം

single-img
23 February 2012

ബംഗാളി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം നടത്തി റോഡിലുപേക്ഷിച്ച സംഭവത്തില്‍ ഇരിട്ടി പോലീസ് ബംഗാളില്‍ തെളിവെടുപ്പുനടത്തി മടങ്ങിയെത്തി. പീഡനത്തിനിരയായ സമയത്തു പെണ്‍കുട്ടിക്കു 14 വയസ് പൂര്‍ത്തിയായിരുന്നില്ലെന്ന് അന്വേഷണസംഘം കണെ്ടത്തി. പെണ്‍കുട്ടി പഠിച്ച മൂര്‍ഷിദാബാദ് ജില്ലയിലെ കബില്‍പൂര്‍ ഗവ. എല്‍പി സ്‌കൂളില്‍നിന്നു ശേഖരിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍നിന്നാണു വയസ് വ്യക്തമായത്. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഉളിക്കല്‍, വയത്തൂര്‍ സ്വദേശികളായ ബിജു, ഷെരീഫ്, സാലിഹ്, ജംഷീര്‍ എന്നീ പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മനോനില തെറ്റിയ നിലയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇതിനു മുമ്പ് യാതൊരു വിധ മാനസിക പ്രശ്‌നവുമുള്ള യാളല്ല കുട്ടിയെന്ന് ബംഗാളില്‍ പെണ്‍കുട്ടിയെ പഠിപ്പിച്ച അധ്യാപകരും നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 24നു രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കര്‍ണാടകയിലെ പെരുമ്പാടിയില്‍ പോയി മടങ്ങുകയായിരുന്നു പെണ്‍കുട്ടിയും നാട്ടുകാരായ രണ്ടു യുവാക്കളും. പ്രതികള്‍ ഇവരെ ഇരിട്ടിയില്‍ ഇറക്കാമെന്നു പറഞ്ഞു കബളിപ്പിച്ചു ലോറിയില്‍ കയറ്റി. വള്ളിത്തോട് വഴി ഉളിക്കല്‍ വയത്തൂര്‍ പുഴയരികിലെത്തിച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നയാക്കി ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയിലെ പെരുവംപറമ്പില്‍ ഉപേക്ഷിച്ചു കടന്നുകളയുകയുമായിരുന്നുവെന്നാണു പോലീസ് കേസ്.

ഒപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളും പെണ്‍കുട്ടിയും പ്രതികളെ തിരിച്ചറിയുകയും മജിസ്‌ട്രേറ്റിനു മുമ്പില്‍ സിആര്‍പിസി 164 പ്രകാരം മൊഴി നല്കുകയും ചെയ്തിരുന്നു.