ഇറാക്കില്‍ ആക്രമണ പരമ്പര; 60 പേര്‍ കൊല്ലപ്പെട്ടു

single-img
23 February 2012

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലും മറ്റു 11 നഗരങ്ങളിലും ഇന്നലെ ഭീകരര്‍ നടത്തിയ ബോംബ്‌സ്‌ഫോടനങ്ങളിലും വെടിവയ്പിലുമായി കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടു. 225 പേര്‍ക്കു പരിക്കേറ്റു. സര്‍ക്കാര്‍ ഓഫീസുകള്‍, റസ്റ്ററന്റുകള്‍ എന്നിവ ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തിയ ആക്രമണത്തിനു പിന്നില്‍ അല്‍ക്വയ്ദയാണെന്നു കരുതപ്പെടുന്നു. ഷിയാകളാണ് ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും. ഇറാക്കില്‍ വീണ്ടും വിഭാഗീയ സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ഭീതി ഉയര്‍ന്നു. ഡിസംബറില്‍ അമേരിക്കന്‍ സൈന്യം ഇറാക്കില്‍നിന്നു പിന്മാറിയതിനു ശേഷമുണ്ടാവുമെന്ന ഏറ്റവും വലിയ ആക്രമണപരമ്പരയ്ക്കു കാരണം സുരക്ഷാസംവിധാനത്തിലുണ്ടായ പിഴവാണെന്നു പറയപ്പെടുന്നു.

ഭീകരര്‍ സ്വച്ഛന്ദം വിഹരിക്കുമ്പോള്‍ ബാഗ്ദാദിലുള്ള ആയിരക്കണക്കിനു പോലീസുകാരും സുരക്ഷാസൈനികരും എന്തു ചെയ്യുകയായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ ജോലിക്കാരനായ അഹമ്മദ് അല്‍ തമീമി രോഷാകുലനായി ചോദിച്ചു. ബാഗ്ദാദില്‍ മാത്രം പത്തു സ്‌ഫോടനങ്ങള്‍ നടന്നു. 32 പേര്‍ മരിച്ചു. പോലീസ് പട്രോള്‍ പാര്‍ട്ടിയില്‍പ്പെട്ടവരും റസ്റ്ററന്റില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്നവരും കൊല്ലപ്പെട്ടു. മുസയിബ് പട്ടണത്തില്‍ പ്രൈമറി സ്‌കൂളിനു സമീപമാണ് ആക്രമണം നടന്നത്.