ഇന്ത്യയെ ഒമാന്‍ തകര്‍ത്തു

single-img
23 February 2012

അന്താരാഷ്്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയെ ഒമാന്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മോശം പ്രതിരോധത്തിന് ഇന്ത്യക്കു നല്‍കേണ്ടിവന്നത് കനത്ത വിലയാണ്. മാര്‍ച്ചില്‍ നടക്കുന്ന ചലഞ്ച് കപ്പിനു മുന്നോടിയായി ആത്മവിശ്വാസം കൈവരിക്കാനിറങ്ങിയ ഇന്ത്യക്ക് ഇത് ആത്മവിശ്വാസം കുറയ്ക്കുന്ന അടിയായി. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ആദ്യ പത്തുമിനിറ്റിനുള്ളില്‍ത്തന്നെ ഒമാന്‍ രണ്ടു ഗോളിനു മുന്നിലായി.

അഞ്ചാം മിനിറ്റില്‍ അല്‍ ഖസാനി മുഹമ്മദും ഏഴാം മിനിറ്റില്‍ ഇസ്മയില്‍ അല്‍ അജ്മിയുമാണ് ഒമാന് ഇരട്ട നേട്ടം സമ്മാനിച്ചത്. രണ്ടു ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടലില്‍നിന്ന് ഇന്ത്യ മുക്തമാകാന്‍ സമയമെടുത്തു. എങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍നിന്ന് ഇന്ത്യ രക്ഷപ്പെട്ടു. എന്നാല്‍, രണ്ടാം പകുതിയിലും ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത് ഒമാനായിരുന്നു. 58-ാം മിനിറ്റില്‍ ഇസ്മയില്‍ അല്‍ അജ്മിയുടെ രണ്ടാം ഗോളും പിറന്നു. ഇതോടെ ഇന്ത്യ പ്രതിരോധം വിട്ട് ആക്രമണത്തിനു മുതിര്‍ന്നു. ഇതിന്റെ ഫലമാണ് ഇന്ത്യയുടെ ആദ്യഗോള്‍. ഒമാന്റെ പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്ത് ജാക്വിം അബ്രാഞ്ചസാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്.