ഡാറ്റ സെന്റര്‍ കൈമാറ്റം: സിബിഐ അന്വേഷിക്കും

single-img
23 February 2012

സ്റ്റേറ്റ് ഡാറ്റ സെന്റര്‍ റിലയന്‍സിന് കൈമാറിയതിനെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

വി.എസ് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ഇടപാടില്‍ അദ്ദേഹത്തിനും വിവാദ ദല്ലാള്‍ ടി. ജി. നന്ദകുമാറിനും പങ്കുണ്‌ടെന്ന് ആരോപിച്ചാണ് ഹര്‍ജി. ഇതിന്റെ ഭാഗമായി ടി. ജി. നന്ദകുമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും നന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണമെത്തിയതായും പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ വി.എസ് മുഖ്യമന്ത്രിയായിരിക്കെ നിയമിച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും അതുകൊണ്ടു തന്നെ വിജിലന്‍സ് അന്വേഷണം ശരിയായ ദിശയിലായിരിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പി.സി. ജോര്‍ജ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.