യുപിയില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്

single-img
22 February 2012

ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഇന്നു നടക്കും. 49 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പു നടക്കുക. ഫിറോസാബാദ്, കാന്‍ഷിറാം നഗര്‍, മെയിന്‍പുരി, ഇറ്റാ, ഇറ്റാവ, രാമാബായ്‌നഗര്‍, കാണ്‍പൂര്‍, ജലോണ്‍, ഝാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍. ബുന്ധേല്‍ഖണ്ഡ് മേഖലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും.

മൊത്തം 1.56 കോടി വോട്ടര്‍മാരാണുള്ളത്. 829 സ്ഥാനാര്‍ഥികളും രംഗത്തുണ്ട്. മുലായംസിംഗിന്റെ സ്വാധീനമേഖലയിലാണ് ഇന്ന് വോട്ടെടുപ്പുനടക്കുന്ന മണ്ഡലങ്ങള്‍. ബിജെപിയിലെ തീപ്പൊരി നേതാവ് ഉമാ ഭാരതി ഉത്തര്‍പ്രദേശില്‍നിന്ന് ഇക്കുറി നിയമസഭയിലേക്കു മത്സരിക്കുന്നുണ്ട്. മഹോബ ജില്ലയിലെ ചര്‍ഖരി മണ്ഡലത്തിലാണ് ഉമാ ഭാരതി ജനവിധി തേടുന്നത്. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിംഗിന് ഏറെ സ്വാധീനമുള്ള മേഖലയാണ് ഇറ്റാ. പ്രതിപക്ഷനേതാവ് ശിവ്പാല്‍ സിംഗ് ഇറ്റാവ ജില്ലയിലെ ജസ്‌വന്ത്‌നഗര്‍ മണ്ഡലത്തില്‍നിന്നു ജനവിധി തേടുന്നു. ബിജെപി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രേംലത കത്യാര്‍ കാണ്‍പൂരിലെ കല്യാണ്‍പൂര്‍ സീറ്റില്‍ മത്സരിക്കുന്നു.