ശാന്തിഗിരി ശുഭ്രസാഗരമായി കുംഭമേള ആഘോഷിച്ചു; വിസ്മയമായി താമര പര്‍ണശാലയിലെ പ്രകാശ വിന്യാസം

single-img
22 February 2012

ഗുരുശിഷ്യപാരസ്പര്യത്തിന്റെ വെണ്മ മനസില്‍ നിറച്ച് ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണം അര്‍ദ്ധവാര്‍ഷിക കുംഭമേളയോടെ ആഘോഷിച്ചു. ആശ്രമസമുച്ചയത്തിനുള്ളില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ ഒരുക്കിയ കുംഭം ഭക്തിപുരസ്സരം ശിരസ്സിലെടുത്ത ആയിരങ്ങള്‍ ഘോഷയാത്രയായി ആശ്രമസമുച്ചയം വലംവച്ച് ഗുരുസന്നിധിയില്‍ സമര്‍പ്പിച്ചു. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുമായി ആയിരങ്ങള്‍ പങ്കുചേര്‍ന്ന കുംഭഘോഷയാത്ര ശാന്തിഗിരിയെ അക്ഷരാര്‍ത്ഥത്തില്‍ ശുഭ്രസാഗരമാക്കി മാറ്റി.

വൈകുന്നേരം 4 ന് സന്യാസി സന്യാസിനിമാരുടെ സാന്നിദ്ധ്യത്തില്‍ കുംഭഘോഷയാത്രക്ക് തുടക്കമായി. പൂജിതപീഠം സമര്‍പ്പണത്തിന്റെ ഭാഗമായി നടന്ന കുംഭമേളയില്‍ വ്രതശുദ്ധിയോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ പങ്കെടുത്തു. പഞ്ചവാദ്യം, നാദസ്വരം, പെറുമ്പറ എന്നിവയുള്‍പ്പടെ ഒട്ടേറെ വാദ്യമേളങ്ങള്‍ കുഭഘോഷയാത്രയെ ആകര്‍ഷകമാക്കി. കുംഭമേന്തിയ ആയിരക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം ദീപമേന്തിയവരും സുവര്‍ണതാമര പതിപ്പിച്ച വര്‍ണക്കുടകള്‍ പിടിച്ചവരും ഗുരുനാമജപവുമായി നടന്നനീങ്ങിയപ്പോള്‍ അന്തരീക്ഷം ഭക്തിസാന്നു്രവും സുഗന്ധ പൂരിതവുമായി.

രാവിലെ 5 മണിയുടെ ആരാധനയോടെ പൂജിതപീഠം സമര്‍പ്പണ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രാര്‍ത്ഥനാസങ്കല്പങ്ങളോടെ പുഷ്പാഞ്ജലി, ഗുരുപാദവന്നുനം, പുഷ്പസമര്‍പ്പണം എന്നിവ നടന്നു. വൈകുന്നേരം 3 ന് നടന്ന പൂജിതപീഠം സമര്‍പ്പണ സമ്മേളനം ധനവകുപ്പ് മന്ത്രി കെ. എം. മാണി ഉദ്ഘാടനം ചെയ്തു. ഗുരുക്കന്മാരുടെ ദര്‍ശനമാണ് ഭാരതീയ പൈതൃകമെന്ന് അദ്ദേഹം പറഞ്ഞു. സനാതനമെന്നത് ബ്രഹ്മം മാത്രമാണ്. നാമെല്ലാം ബ്രഹ്മത്തിന്റെ അംശം മാത്രം. അതിനാല്‍ നമ്മള്‍ രണ്ടും ഒന്നാണ്. മാനവരാശിയെ ഒന്നായിക്കാണാന്‍ കഴിയണം. മഹത്തായ ഈ ദര്‍ശനമാണ് ശാന്തിഗിരി മുന്നോട്ടു വയ്ക്കുന്നത്, സ്‌നേഹവും കാരുണ്യവും മുഖമുദ്രയാക്കിയ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിലെ പ്രധാന തീര്‍ത്ഥാടന കേന്നു്രമായി ശാന്തിഗിരി ആശ്രമം മാറിക്കഴിഞ്ഞു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍. പീതാംബരക്കുറുപ്പ് എം. പി. അദ്ധ്യക്ഷത വഹിച്ചു. പാലോട് രവി എം. എല്‍. എ,. പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങള്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി,ശാന്തിഗിരി ആശ്രമം ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ജയിംസ് കെ. ജോസഫ്, ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പൂജിതപീഠം സമര്‍പ്പണ ആഘോഷങ്ങളുടെ ഭാഗമായി വിശ്വസംസ്‌കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഗീത പരിപാടി, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.

ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് താമര പര്‍ണശാലയിലെ എല്‍. ഇ. ഡി പ്രകാശവിന്യാസം വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ആശ്രമം സ്പിരിച്വല്‍ സോണില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രി പ്രൊഫ. കെ.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള 40 അംഗ ഫ്യൂഷന്‍ മ്യൂസിക് സംഘം ഒരുക്കിയ തീംമ്യൂസിക്കിന്റെ അകമ്പടിയോടെയാണ് എല്‍. ഇ. ഡി പ്രകാശവിന്യാസത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. പ്രശസ്ത സംവിധായകനും ശില്‍പിയുമായ രാജീവ് അഞ്ചലാണ് പ്രകാശവും സംഗീതവും, ശബ്ദവും ഒന്നിക്കുന്ന 20 മിനിട്ട് പ്രോഗ്രാമിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത ക്യാമറാമാന്‍ എസ്. കുമാറിന്റെ നേതൃത്വത്തിലാണ് ഈ പ്രകാശവിന്ന്യാസം ഒരുക്കിയത്.