പാമോയില്‍ കേസില്‍ അന്ന് തനിക്കെതിരെ അച്യുതാനന്ദന്‍ എന്തുകൊണ്ടു നടപടിയെടുത്തില്ലെന്ന് ഉമ്മന്‍ചാണ്ടി

single-img
22 February 2012

പാമോയില്‍ കേസില്‍ തന്റെ പങ്കിനെക്കുറിച്ചു നേരത്തെ അറിയാമായിരുന്നു എന്നു പറയുന്ന വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന അഞ്ചു വര്‍ഷം എന്തുകൊണ്ട് ഇക്കാര്യത്തില്‍ നടപടിയെടുത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ചു മുമ്പുതന്നെ അറിയാമായിരുന്നുവെന്ന അച്യുതാനന്ദന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ചു മുമ്പുതന്നെ അറിയാമായിരുന്നുവെന്നും എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മുതലെടുക്കാന്‍ വേണ്ടിയാണ് അന്ന് ഇക്കാര്യം പറയാതിരുന്നത് എന്നുമാണു വി.എസ്. കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞുകേട്ടത്. അഴിമതി നടത്തി എന്ന് അറിഞ്ഞിട്ട് അദ്ദേഹത്തിന് അഞ്ചു കൊല്ലം ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചത്. തനിക്ക് ഒന്നും ഭയക്കാനില്ലാത്തതു കൊണ്ടാണ് ഇടതു സര്‍ക്കാര്‍ നിയമിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ തന്നെ തുടരട്ടെ എന്നു തീരുമാനിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമോപദേശം ഒപ്പിട്ടുകൊടുക്കാന്‍പോലും തയാറാകാതിരുന്നയാളാണു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. കേസിന്റെ നടത്തിപ്പിനെപ്പറ്റി പ്രോസിക്യൂട്ടര്‍ക്കു പരാതി ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടു സര്‍ക്കാരിനെ അറിയിച്ചില്ലെന്നു മുഖ്യമന്ത്രി ചോദിച്ചു. ഇല്ലാത്ത പ്രശ്‌നം കുത്തിപ്പൊക്കാനാണു പ്രതിപക്ഷനേതാവു ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.