ബാങ്ക് ഗ്യാരണ്ടി കെട്ടിവച്ചാല്‍ ഇറ്റാലിയന്‍ കപ്പലിന് പോകാന്‍ അനുമതി നല്‍കാമെന്ന് ഹൈക്കോടതി

single-img
22 February 2012

25 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി കെട്ടിവെച്ചാല്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച സംഭവത്തില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പലിന് കൊച്ചി തീരം വിട്ടുപോകാന്‍ അനുമതി നല്‍കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ കപ്പല്‍ കൊച്ചി തീരം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ ഭാര്യ ഡോറ ജലസ്റ്റിന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ബാങ്ക് ഗ്യാരണ്ടി എപ്പോള്‍ കെട്ടിവയ്ക്കുന്നുവോ അപ്പോള്‍ കപ്പലിന് തീരം വിട്ടുപോകാം. അതുവരെ കപ്പല്‍ തീരം വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിന്‍ പോര്‍ട്ട് അധികൃതരോട് കോടതി നിര്‍ദേശിച്ചു. ഒരു കോടി രൂപയായിരുന്നു ഡോറ ജലസ്റ്റിന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് വളരെ ഉയര്‍ന്ന തുകയാണെന്നും കപ്പലിലെ ക്യാപ്റ്റന്‍ അപകടത്തില്‍ മരിച്ചാല്‍ പോലും 40 ലക്ഷം രൂപയാണ് നല്‍കുകയെന്നും കപ്പല്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഒരുക്കമാണെന്നും കമ്പനിയുടെ അഭിഭാഷകന്‍ അറിയിച്ചു.