യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ടിടിഇമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

single-img
21 February 2012

ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ യാത്രക്കാരോട് അപമര്യാദമായി പെരുമാറിയെന്ന പരാതിയില്‍ രണ്ടു ടിടിഇമാരുടെ സസ്‌പെന്‍ഷന്‍ ഇന്നലെ റെയില്‍വേ അധികൃതര്‍ പിന്‍വലിച്ചു. ടിടിഇമാരായ ജാഫര്‍ഖാന്‍, പ്രവീണ്‍ എന്നിവരുടെ സസ്‌പെന്‍ഷനാണു പിന്‍വലിച്ചത്. യാത്രക്കാരി തിരുവനന്തപുരം ആസൂത്രണ ബോര്‍ഡിലെ റിസര്‍ച്ച് അസിസ്റ്റന്റും കവയിത്രിയുമായ കെ. ആര്‍. ജയഗീത കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ അജിത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ജയഗീതയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് റയില്‍വേയുടെ ഭാഷ്യം. ടിടിഇമാര്‍ റെയില്‍വേയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടില്ലെന്നാണ് എഡിആര്‍എം രാജീവന്‍ വിശദമാക്കി. ഇന്നലെ എസ്ആര്‍എംയു അടക്കമുള്ള ജീവനക്കാരുടെ സംഘടനകള്‍ സസ്‌പെന്‍ഷനെതിരേ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.