മത്സ്യത്തൊഴിലാളികളുടെ കൊലപാതകം: ആയുധം കണെ്ടടുക്കണമെന്ന് കോടതി

single-img
21 February 2012

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ആയുധം കണെ്ടടുക്കാനായി ഇറ്റാലിയന്‍ കപ്പല്‍ പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൊല്ലം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്്-2 പി.വി. അനീഷ്‌കുമാര്‍ അനുമതി നല്‍കി. വിദേശകപ്പലായതുമൂലം ഇതില്‍ കയറി പരിശോധിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. തിങ്കളാഴ്ച കോടതി അവധിയായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കരുനാഗപ്പള്ളി ജുഡീഷല്‍ മജിസ്‌ട്രേറ്റിന് ഇതിനായി അപേക്ഷ നല്‍കിയിരുന്നില്ല. ഇന്നലെയാണു സിജെഎം കോടതിയുടെ ചാര്‍ജുള്ള കൊല്ലം കോടതിക്ക് ഇതിനായി അപേക്ഷ നല്‍കിയത്. കൊലപാതകക്കേസിലെ നിര്‍ണായക തെളിവായ തോക്കുകള്‍ ലഭ്യമാകുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ പലതവണ ഇറ്റാലിയന്‍ കപ്പല്‍ അധികൃതരുമായും നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വഴങ്ങുകയുണ്ടായില്ല.

കൊലപാതകത്തിന് ഉപയോഗിച്ച തോക്കുകള്‍ കണെ്ടടുക്കാന്‍ കഴിയാതിരിക്കുന്നത് അന്വേഷണത്തിനു വിഘാതമായ പശ്ചാത്തലത്തിലാണു കോസ്റ്റല്‍ സിഐ ജയരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കപ്പല്‍ പരിശോധിക്കാനുള്ള അനുമതി കോടതിയില്‍ നിന്നു വാങ്ങി. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ ബാലിസ്റ്റിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍, മരണത്തിനു കാരണമായ ബുള്ളറ്റുകളും ബോട്ടില്‍ പലയിടത്തുമായി പതിച്ച ബുള്ളറ്റ് അടയാളങ്ങളും സമാനമാണെന്നു വ്യക്തമായിരുന്നു. ഇറ്റാലിയന്‍ നാവികസേനയിലെ ഭടന്മാരാണു പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ള ഇരുവരും. സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഇന്ത്യയ്ക്കു കൈമാറാനാവില്ലെന്നാണ് ഇറ്റാലിയന്‍ അധികൃതരുടെ നിലപാട്. കപ്പല്‍ പരിശോധിക്കാനുള്ള അനുമതി അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണെ്ടങ്കിലും ഇതിന്മേല്‍ ഇറ്റലിയുടെ നിലപാട് പ്രതികൂലമായ സാഹചര്യത്തില്‍ കേസ് കൂടുതല്‍ നിയമക്കുരുക്കുകളിലേക്കു നീങ്ങാനാണിട.