റബര്‍ വില ഇടിയുന്നു

single-img
21 February 2012

അവധി വ്യാപാരികളുടെയും വന്‍കിട വ്യവസായികളുടെയും വിപണിയിലേക്കുള്ള കടന്നുകയറ്റം അതിരുകടന്നതോടെ ആഭ്യന്തര റബര്‍ വില കൂപ്പുകുത്തി. ഇതോടെ പത്തു ലക്ഷം വരുന്ന കര്‍ഷകരും ഒമ്പതിനായിരത്തോളം വരുന്ന ചെറികിട വ്യാപാരികളും നഷ്ടത്തിലായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20നു ആര്‍എസ്എസ് നാലിനു 240 രൂപ വില ഉണ്ടായിരുന്നപ്പോള്‍ ഈ വര്‍ഷം 182 രൂപ മാത്രം. ഉത്പാദനവും ഉപയോഗവും മറച്ചുവച്ചു അവധി വ്യാപാരികളും ടയര്‍ കമ്പനികളും ഇവരുടെ വിതരണക്കാരായ വന്‍കിട വ്യവസായികളും ചേര്‍ന്നുണ്ടാക്കുന്ന വിപണനവും വിലയും കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ചൂഷണം ചെയ്യുകയാണ്.

ആര്‍എസ്എസ് -5 കഴിഞ്ഞ വര്‍ഷം 231 രൂപയ്ക്കും ഈ വര്‍ഷം 179.50 രൂപയ്ക്കുമാണു കച്ചവടം നടന്നത്. എംആര്‍എഫ്, ബ്രിഡ്ജ്‌സ്റ്റോണ്‍, അപ്പോളോ തുടങ്ങിയ വ്യവസായികള്‍ക്കു റബര്‍ നല്കുന്ന വന്‍കിട കച്ചവടക്കാരും അവധി വ്യാപാരികളും ചേര്‍ന്നു നടത്തുന്ന ഒത്തുകളിയാണു വില കുറയാന്‍ കാരണമെന്നു പറയുന്നു. കൃത്രിമ റബറിനു 197 രൂപ വിലയുള്ളപ്പോള്‍ സ്വഭാവിക റബറിനു 15 രൂപയുടെ കുറവാണ്. ഇലകൊഴിച്ചില്‍ മൂലം ടാപ്പിംഗ് അവസാനിച്ചതോടെ ഉത്പാദനം കുറഞ്ഞു. ഈ അവസരങ്ങളില്‍ സ്വഭാവിക റബറിനു വില ഉയരുകയാണു വേണ്ടത്. എന്നാല്‍ റബര്‍ ലോബിയുടെ ഇടപെടല്‍മൂലം വില അന്താരാഷ്ട്ര വിലയേക്കാള്‍ 20 രൂപയോളം കുറവാണ്. ഉത്പാദകര്‍ക്കു പരമാവധി വില ലഭിക്കുന്നതിന് റബര്‍ ശേഖരിച്ചുവച്ചു വില്ക്കാന്‍ സഹായിക്കുന്നതിനാണ് അവധി വ്യാപാരം ആരംഭിച്ചത്. റബര്‍ ബോര്‍ഡ് ആര്‍എസ്എസ്-4 നു കഴിഞ്ഞ വര്‍ഷം ഇതേദിവസം 240.50 നല്കിയപ്പോള്‍ ഈവര്‍ഷം 185 രൂപയാണു വില നല്കിയത്.