കപ്പലിലെ വെടിവയ്പ്: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി ഹൈക്കോടതിയെ സമീപിക്കുന്നു.

single-img
21 February 2012

കപ്പലില്‍ നിന്നും മത്സ്യത്തൊഴിലാളികളെ വെടിവച്ച സംഭവത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി ഹൈക്കോടതിയെ സമീപിക്കുന്നു. ഇറ്റാലിയന്‍ കോണ്‍സുലേറ്റാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നത്. ഹര്‍ജി ഇന്ന് സമര്‍പ്പിക്കും.

ഇന്ത്യയിലെ നിയമം ഇറ്റലിക്ക് ബാധകമല്ലെന്നും സംഭവത്തില്‍ പ്രതിസ്ഥാനത്ത് ഇറ്റാലിയന്‍ നാവികരാണെന്നും ഇവര്‍ക്കെതിരേ ഏതെങ്കിലും തരത്തിലുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇറ്റലിക്ക് മാത്രമേ അധികാരമുള്ളുവെന്നുമാണ് കോണ്‍സുലേറ്റിന്റെ വാദം. അതുകൊണ്ട് തന്നെ നാവികരെ വിട്ടുനല്‍കണമെന്നും കോണ്‍സുലേറ്റ് ഹര്‍ജിയില്‍ ആവശ്യപ്പെടും.

വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അല്ലെന്നും അതുകൊണ്ടു തന്നെ ഇന്ത്യന്‍ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാനാകില്ലെന്നും കോണ്‍സുലേറ്റ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.