ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി

single-img
21 February 2012

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. ശ്രീലങ്കയ്‌ക്കെതിരേ 51 റണ്‍സിന് ഇന്ത്യ തോറ്റു. മഹേന്ദ്രസിംഗ് ധോണിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച വിരേന്ദര്‍ സെവാഗിന് ഇത് കയ്‌പേറിയ അനുഭവമായി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 45.1 ഓവറില്‍ 238 റണ്‍സിനു പുറത്തായി. ഇന്ത്യയുടെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ സ്വിംഗ് ബോളര്‍ നുവാന്‍ കുലശേഖരയാണ് മാന്‍ ഓഫ് ദ മാച്ച്. പരാജയത്തോടെ ഇന്ത്യ പോയിന്റുനിലയില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇന്ത്യക്ക് ഇപ്പോള്‍ ആറുകളികളില്‍നിന്ന് 10 പോയിന്റ് മാത്രമാണുള്ളത്. അഞ്ചു കളികളില്‍നിന്ന് ഓസ്‌ട്രേലിയയ്ക്ക് 14-ഉം ശ്രീലങ്കയ്ക്ക് 11-ഉം പോയിന്റാണുള്ളത്. ഈ മത്സരത്തില്‍ ലങ്ക ഒരു ബോണസ് പോയിന്റ് സ്വന്തമാക്കി.

290 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കംതന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കുംമുമ്പേ നായകന്‍ വിരേന്ദര്‍ സെവാഗ് വിക്കറ്റ് കളഞ്ഞുകുളിച്ചു. ശ്രീലങ്കയ്‌ക്കെതിരേ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തേഡ്മാനിലേക്ക് ഉയര്‍ത്തിയടിച്ച സെവാഗ് കുലശേഖരയുടെ കൈകളില്‍ ഒടുങ്ങി. ലസിത് മലിംഗയായിരുന്നു ബൗളര്‍. പിന്നീടു ക്രീസില്‍ ഒത്തു ചേര്‍ന്ന സച്ചിന്‍ തെണ്ടുല്‍ക്കറും ഗൗതം ഗംഭീറും ഭേദപ്പെട്ട രീതിയില്‍ ഇന്ത്യയെ മുന്നോട്ടു നയിച്ചു. മികച്ച സ്‌ട്രോക് പ്ലേയിലൂടെ തുടങ്ങിയ സച്ചിന് സ്വന്തം സ്‌കോര്‍ 22-ലെത്തിയപ്പോള്‍ പിഴച്ചു. കുലശേഖരയുടെ സ്വിംഗ് ബോളില്‍ പ്ലെയ്ഡ് ഓണായി സച്ചിന്‍ പവലിയനിലേക്കു മടങ്ങി; ത്രിരാഷ്്ട്ര പരമ്പരയിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും കാര്യമായ റണ്‍ കണെ്ടത്താതെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പതനം. 54 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നിലംപതിച്ചു.

പിന്നീട് ക്രീസില്‍ കൂട്ടുകൂടിയ വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും ഇന്ത്യക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒന്നിലധികം തവണ ലങ്കന്‍ ഫീല്‍ഡര്‍മാര്‍ കൈവിടുകകൂടെ ചെയ്തതോടെ ഇരുവര്‍ക്കും മുന്നേറ്റം എളുപ്പമായി. 116 പന്തില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം സുരേഷ് റെയ്‌ന മടങ്ങിയത് ഇന്ത്യക്കു തിരിച്ചടിയായി. പിന്നാലെ 66 റണ്‍സെടുത്ത ഇന്ത്യയുടെ ടോപ് സ്‌കോറര്‍ വിരാട് കോഹ്്‌ലികൂടി പുറത്തായതോടെ ഇന്ത്യ പരാജയം മണത്തു. എന്നാല്‍, ഇര്‍ഫാന്‍ പഠാന്റെ അവസരോചിത പ്രകടനം ഒരിക്കല്‍ക്കൂടി ഇന്ത്യക്ക് ജയപ്രതീക്ഷയുണ്ടാക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും പഠാന്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. കേവലം 34 പന്തില്‍ ഏഴു ബൗണ്ടറികളുടെ സഹായത്തോടെ 47 റണ്‍സ് നേടിയ പഠാനെ തിസര പെരേര പുറത്താക്കിയതോടെ ഇന്ത്യന്‍ പരാജയം സമ്പൂര്‍ണമായി. ശ്രീലങ്കയ്ക്കുവേണ്ടി തിസര പെരേര നാലു വിക്കറ്റ് നേടി.

ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്കുവേണ്ടി മധ്യനിര ബാറ്റ്‌സ്മാന്‍ ലഹിരു തിരിമാനെ(62)യും തിലകരത്‌നെ ദില്‍ഷനും(51) അര്‍ധ സെഞ്ചുറി നേടി. ജയവര്‍ധന 45-ഉം എയ്ഞ്ചലോ മ
ാത്യൂസ്(പുറത്താകാതെ 49) എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിവിനു വിപരീതമായി അതുവരെ ഒരോവര്‍ പോലും എറിയാത്ത വിരാട് കോഹ്‌ലിയാണ് അവസാന ഓവര്‍ ബൗള്‍ ചെയ്തത്. ഈ ഓവറില്‍ 14 റണ്‍സാണ് കോഹ്്‌ലി വഴങ്ങിയത്. ഇന്ത്യക്കുവേണ്ടി ഇര്‍ഫാന്‍ പഠാനും ആര്‍. അശ്വിനും രണ്ടുവിക്കറ്റ് നേടി.