മിനി ബസ് കൊക്കയിലേക്കു മറിഞ്ഞ് 4 മരണം

single-img
21 February 2012

വാഗമണ്ണിനു സമീപം വെള്ളികുളത്ത് മൂന്നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മിനി ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചു. ബിനു (20), രതീഷ് (16), മണിക്കുട്ടന്‍ (40), സുബിന്‍ (31) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ മുഹമ്മ പൂജവെളി ഗ്രാമത്തില്‍ നിന്നുള്ള പികെ ഗ്രൂപ്പ് ശിങ്കാരിമേളക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെ എട്ടരയോടെ ഒറ്റഈട്ടി വളവിലായിരുന്നു അപകടം.

പശുപ്പാറ എവിടി എസ്റ്റേറ്റിലുള്ള ശിവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള വാദ്യമേളം കഴിഞ്ഞ് മുഹമ്മയിലേക്ക് മടങ്ങുകയായിരുന്നു സംഘം. 22 പേര്‍ മിനിബസില്‍ ഉണ്ടായിരുന്നു. മൂന്നു പേര്‍ അപകട സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ വാന്‍ രണ്ടായി മുറിഞ്ഞു ചിതറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. വടം കെട്ടിയിറങ്ങിയാണ് ആദ്യം പരിക്കേറ്റവരെ റോഡിലെത്തിച്ചത്. ഈരാറ്റുപേട്ടയില്‍ നിന്ന് പോലീസും ഫയര്‍ഫോഴ്‌സും പിന്നീട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.