ഇറാന്റെ യുദ്ധക്കപ്പലുകള്‍ സിറിയന്‍ തുറമുഖത്ത്

single-img
20 February 2012

ഇറാന്‍ നാവികസേനയുടെ രണ്ടു യുദ്ധക്കപ്പലുകള്‍ സിറിയയിലെ ടാര്‍ട്ടസ് തുറമുഖത്തു നങ്കൂരമിട്ടതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി സനാ അറിയിച്ചു. നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരം സിറിയന്‍ നാവികര്‍ക്കു പരിശീലനം നല്‍കാനാണു കപ്പലുകള്‍ എത്തിയതെന്നു പറയപ്പെടുന്നുണെ്ടങ്കിലും സംഘര്‍ഷം വര്‍ധിക്കാന്‍ ഇതിടയാക്കിയിട്ടുണ്ട്.

ഇതേസമയം, സിറിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കളമൊരുക്കുകയാണു പാശ്ചാത്യരാജ്യങ്ങളെന്നു ചൈന ആരോപിച്ചു.സിറിയന്‍ നഗരമായ ഹമായില്‍ സര്‍ക്കാര്‍ സേന പിടിമുറുക്കിയിരിക്കുകയാണ്. പുറംലോകവുമായി ഹമായ്ക്കുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല. റിബലുകളുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് സൈനികര്‍ വീടുവീടാന്തരം തെരച്ചില്‍ നടത്തി കലാപകാരികളെ അറസ്റ്റ് ചെയ്യുകയാണ്. ഡമാസ്‌കസ്-ആലപ്പോ ഹൈവേയിലുള്ള ഹോംസ് നഗരത്തിലും സൈന്യം ആക്രമണം തുടര്‍ന്നു. ഡമാസ്‌കസില്‍ അസാദ് കാലഘട്ടത്തിനു മുമ്പുള്ള സിറിയന്‍ പതാക വിമതര്‍ ഉയര്‍ത്തി. ഡമാസ്‌കസില്‍ സൈന്യവും പോലീസും അതീവ ജാഗ്രതയിലാണ്. കഴിഞ്ഞദിവസം ജനാധിപത്യ പ്രക്ഷോഭകര്‍ തലസ്ഥാനത്തു നടത്തിയ അസാദ് വിരുദ്ധ പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ഇതിനിടെ, ഞായറാഴ്ച ഹിതപരിശോധന നടത്താനുള്ള ഒരുക്കങ്ങളുമായി അസാദ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുകയാണ്. ബഹുകക്ഷി ജനാധിപത്യത്തിനു തുടക്കംകുറിക്കുന്ന പുതിയ ഭരണഘടന സംബന്ധിച്ചാണ് ഹിതപരിശോധന. പ്രതിപക്ഷവും പാശ്ചാത്യശക്തികളും ഹിതപരിശോധനയെ പുച്ഛിച്ചു തള്ളുകയാണ്.