ശ്രീപത്മനാഭസ്വാമി ക്ഷേത്രം: മൂല്യനിര്‍ണയം തുടങ്ങി

single-img
20 February 2012

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ സമ്പദ്‌ശേഖരത്തിന്റെ ശാസ്ത്രീയ മൂല്യനിര്‍ണയം തുടങ്ങി. പ്രത്യേക ദിവസങ്ങളിലെ പൂജാ സാമഗ്രികള്‍ സൂക്ഷിക്കുന്ന എഫ് നിലവറയിലെ പത്തോളം സാധനങ്ങളാണു സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ പുറത്തെടുത്തു മൂല്യനിര്‍ണയം നടത്തിയത്. സാധനങ്ങളുടെ ത്രിമാന ചിത്രമെടുത്തശേഷം കാലപ്പഴക്കം, തൂക്കം എന്നിവ രേഖപ്പെടുത്തി. ഒരു സാധനം പരിശോധിക്കാന്‍ 20 മിനിറ്റുവരെ സമയമെടുത്തു. ശ്രീകോവിലിനു സമീപം പ്രത്യേകമായി കെട്ടിമറച്ച സ്ഥലത്തുവച്ചാണ് പരിശോധന. അളവു തൂക്കം രേഖപ്പെടുത്തിയശേഷം എടുത്ത സാധനങ്ങള്‍ അതേ അറയില്‍ത്തന്നെ തിരികെവച്ചു.

പരിശോധനാ സ്ഥലത്ത് 20 കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ രണ്ടുവശങ്ങളിലായി കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്. കാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ പ്രധാന സെര്‍വറിലെത്തുന്നതു റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കും. ഈ ദൃശ്യങ്ങള്‍ മൂല്യനിര്‍ണയ കമ്മിറ്റിയിലെ മൂന്നുപേര്‍ ഒരുമിച്ചു ചേര്‍ന്നാല്‍ മാത്രമേ വീണ്ടും തുറന്നു പരിശോധിക്കാനാകൂ.

സുപ്രീംകോടതി നിയോഗിച്ച സമിതിയുടേയും മേല്‍നോട്ട സമിതിയുടേയും നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്. എം.വി. നായരാണു സമിതി അധ്യക്ഷന്‍. വിദഗ്ധ സമിതി അംഗം ഡോ.എസ്. നമ്പിരാജനാണു ശാസ്ത്രീയ പരിശോധനയുടെ ചുമതല.