കിംഗ്ഫിഷറിനായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനാവില്ലെന്നു കേന്ദ്രം

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയ കിംഗ്ഫിഷര്‍ വിമാന കമ്പനിക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനാകില്ലെന്നു കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിംഗ്. യാത്രക്കാരുടെ സുരക്ഷാ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സര്‍വീസ് റദ്ദാക്കിയ വിഷയത്തില്‍ നേരിട്ടു ഹാജരാകാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കിംഗ്ഫിഷര്‍ സിഇഒയ്ക്ക് നിര്‍ദേശം നല്കി.
സ്വകാര്യ വിമാനക്കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്ന നിലപാടാണ് കേന്ദ്രമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ഇതിനായി സര്‍ക്കാരിന് ഏതെങ്കിലും ബാങ്കുകളെയോ സ്വകാര്യ സംരംഭകരെയോ സമീപിക്കാനാവില്ല. എന്നാല്‍, വായ്പകള്‍ക്കായി കിംഗ്ഫിഷര്‍ ഉള്‍പ്പെടെയുള്ള വിമാനകമ്പനികള്‍ക്കു ബാങ്കുകളെ സമീപിക്കാമെന്നും അജിത് സിംഗ് പറഞ്ഞു.
കിംഗ്ഫിഷറില്‍ നാല് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയില്ല എന്നത് ഗുരുതരമായ കാര്യമാണ്. എന്നാല്‍, യാത്രക്കാരുടെ സുരക്ഷയാണ് സര്‍ക്കാരിനെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത്. സ്വകാര്യ വിമാന കമ്പനികള്‍ക്കായി സര്‍ക്കാര്‍ ചെയ്യാവുന്നത് എല്ലാം ചെയ്തുവെന്നും എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് കിംഗ്ഫിഷര്‍ വിമാനങ്ങള്‍ റദ്ദാക്കിയതെന്നും അജിത് സിംഗ് കുറ്റപ്പെടുത്തി. കിംഗ്ഫിഷര്‍ നടത്തുന്ന സര്‍വീസുകളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വ്യോമയാനമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കി.