ഇറ്റാലിയന്‍ നാവികരെ കൊണ്ടുപോയതും തിരികെ എത്തിച്ചതും കനത്ത സുരക്ഷയില്‍

single-img
20 February 2012

മത്സ്യത്തൊഴിലാളികള്‍ക്കു നേരേ വെടിവയ്പു നടത്തിയ ‘എന്‍ റിക്ക ലക്‌സി’ എന്ന ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ജീവനക്കാരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോ ണെ എന്നിവരെ കൊച്ചിയില്‍നി ന്നു കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയതും തിരികെ എത്തിച്ചതും കനത്ത സുരക്ഷാസംവിധാനത്തില്‍. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സിഐഎസ്എഫ് ഗസ്റ്റ് ഹൗസില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ ഇന്നലെ ഉച്ചയ്ക്ക് 1.50-നാണു കൊണ്ടുപോയത്.

രാവിലെ എട്ടിനു ജില്ലാ പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാറിന്റെയും കൊല്ലം ക്രൈംബ്രാ ഞ്ച് എസ്പി സാംക്രിസ്റ്റി ഡാനിയേലിന്റെയും നേതൃത്വത്തില്‍ പ്രതികളെ വീണ്ടും ചോദ്യംചെയ്തു.

മത്സ്യത്തൊഴിലാളികള്‍ക്കുനേരേ വെടിയുതിര്‍ത്തുവെന്ന കാ ര്യം രണ്ടു നാവികസേനാംഗങ്ങളും പ്രാഥമിക ചോദ്യംചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍, മുന്നറിയിപ്പായി വെടിവച്ചുവെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. മുതിര്‍ന്ന നാവികനായ ലെസ്റ്റോറെ മാര്‍സി മിലാനോ ഉതിര്‍ത്ത വെടിയാണ് മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തതെന്നാണു നിഗമനം. സാല്‍വതോറെ ഗിറോണെ വെടിയുതിര്‍ത്തുവെങ്കിലും ഇതു കടലില്‍ പതിക്കുകയായിരുന്നുവത്രെ. ചോദ്യംചെയ്യലിനോട് അനുഭാവപൂര്‍വം പ്രതികരിക്കാന്‍ ഇവര്‍ ആദ്യം തയാറായില്ല.

പന്ത്രണേ്ടാടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നു റിമാന്‍ഡ് റിപ്പോര്‍ട്ടും വാറണ്ട് റിപ്പോര്‍ട്ടും തയാറാക്കി പ്രതികളെ കൊല്ലത്തേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഒന്നോടെ എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാറെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. 1.50-ന് പ്രതികളെയും കയറ്റിയുള്ള വാഹ നവ്യൂഹം യാത്ര തുടങ്ങി. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയന്‍ പൗലോ കുട്ടിലോ, കൊല്ലം ക്രൈംബ്രാഞ്ച് എസ്പി സാംക്രിസ്റ്റി ഡാനിയേല്‍ എന്നിവരും പ്രതികള്‍ക്കൊപ്പം വാഹനത്തില്‍ കയറി. കപ്പലിന്റെ ക്യാപ്റ്റന്‍ ഉബെര്‍ട്ടോ വിറ്റേലി തൊട്ടുപിന്നാലെയുള്ള വാഹനത്തിലാണു കയറിയത്.

പത്തു വാഹനങ്ങളിലായി അറുപതോളം പോലീസിന്റെയും ക്വിക്ക് റിയാക്ഷന്‍ സംഘത്തിന്റെയും അകമ്പടിയോടെയാണു പ്രതികളെ കൊണ്ടുപോയത്. കൊല്ലം അസിസ്റ്റന്റ് കമ്മീഷണറുടെ വാഹനം മുന്നിലും തൊട്ടുപിന്നിലായി പ്രതികളും ക്യാപ്റ്റനും കയറിയ ടാറ്റാസുമോയും അതിനുപുറകിലായി ഇറ്റാലിയന്‍ എംബസി ഉദ്യോഗസ്ഥര്‍ കയറിയ കാറുകളും നിരന്നു. പിന്നില്‍ ദ്രുതകര്‍മ സേനയുടെ വാഹനവും. ഏറ്റവും പിന്നിലായി രണ്ടു പോലീസ് വാനുകള്‍. വിവിധ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ കൂടുതല്‍ വാഹനങ്ങള്‍ അനുഗമിച്ചു. കോടതിയില്‍നിന്നു പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ നാവികരെ രാത്രി വൈകി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സിഐഎസ്എഫ് ഗസ്റ്റ് ഹൗസിലെത്തിച്ചു.