തളിപ്പറമ്പില്‍ ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

single-img
20 February 2012

സിപിഎം-മുസ്‌ലിംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്നു കണ്ണപുരത്തിനു സമീപം കീഴറ വള്ളുവന്‍കടവില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകനും എംഎസ്എഫ് മണ്ഡലം ട്രഷററുമായ യുവാവ് വെട്ടേറ്റു മരിച്ചു. തളിപ്പറമ്പിനടുത്ത് അരിയില്‍ സിപിഎം നേതാക്കള്‍ക്കു നേരേ കല്ലേറു നടന്നതിനു തുടര്‍ച്ചയായിട്ടായിരുന്നു കൊലപാതകം. അരിയില്‍ പുതിയപറമ്പില്‍ പരേതനായ മൂസാന്‍ മുഹമ്മദ്-ആത്തിക്ക ദമ്പതികളുടെ മകന്‍ ഷുക്കൂര്‍ (25) ആണു മരിച്ചത്.

സിപിഎം നേതാക്കള്‍ക്കു നേരേയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും കണ്ണൂര്‍ ജില്ലയില്‍ ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജനു മര്‍ദനമേല്‍ക്കുകയും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ ആക്രമണമുണ്ടാവുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നേമുക്കാലോടെ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ചിരുന്ന കാറിനു നേരേയാണു കല്ലേറുണ്ടായത്. ഇവരുടെ കാര്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കെ.പി. അന്‍സാറിന്റെ (19) ദേഹത്തു തട്ടിയതാണു പ്രകോപനകാരണമെന്നു പറയുന്നു. അന്‍സാറിനെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലേറില്‍ ജയരാജനും രാജേഷിനും പുറമേ കാറിലുണ്ടായിരുന്ന ഏരിയാ സെക്രട്ടറി പി. വാസുദേവന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എ. രാജേഷ് എന്നിവര്‍ക്കും നിസാര പരിക്കേറ്റു. കാറിന്റെ പിന്നിലെ ചില്ലു തകര്‍ന്നിട്ടുണ്ട്. കാറിനു പിന്നിലെ വാഹനങ്ങളിലുണ്ടായിരുന്ന ‘ദേശാഭിമാനി’ ലേഖകന്‍ എം. രാജീവന്‍, കാമറാമാന്‍ ദിലീപന്‍, കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷിജിത്ത്, കാമറാമാന്‍ ബാബുരാജ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണന്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനു തുടര്‍ച്ചയായി അരിയിലിലുണ്ടായ ബോംബാക്രമണത്തില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ കെ.കെ. ജുബൈര്‍ (20), മുബഷീര്‍ (17), ഉബൈദ് (15), അയൂബ് (18) എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞു രണേ്ടാടെ വള്ളുവന്‍കടവില്‍ കൈപ്പാടിലാണു ഷുക്കൂര്‍ വെട്ടേറ്റു മരിച്ചത്. അരിയിലിലുണ്ടായ സംഘര്‍ഷത്തില്‍ വീണു പരിക്കേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകനൊപ്പം ചെറുകുന്നിലെ ആശുപത്രിയിലേക്കു കടത്തു കടന്നുവരുമ്പോള്‍ അമ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകരെന്നു പറയുന്ന സംഘം ആക്രമിക്കുകയായിരുന്നു. അക്രമികളെക്കണ്ട് ആലില്‍ മുഹമ്മദ് എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയ ഷുക്കൂറിനെയും അരിയിലിലെ പുതിയപറമ്പില്‍ സക്കരിയ (23) യെയും വീടുവളഞ്ഞ് ആക്രമിച്ചു. വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ഷുക്കൂറിനെ സമീപത്തെവയലില്‍വച്ചു വെട്ടിക്കൊല്ലുകയായിരുന്നു.

ഇരുമ്പുപൈപ്പുകൊണ്ട് അടിയേറ്റ സക്കരിയയെ പോലീസെത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണു വയലില്‍ മരിച്ച നിലയില്‍ ഷുക്കൂറിനെ കണെ്ടത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പോലീസ് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് അരിയില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും. സഹോദരീഭര്‍ത്താവിനൊപ്പം തളിപ്പറമ്പില്‍ കട നടത്തുകയായിരുന്നു മരിച്ച ഷുക്കൂര്‍. സഹോദരങ്ങള്‍: ദാവൂദ് അരിയില്‍ (സബ് എഡിറ്റര്‍, ‘ചന്ദ്രിക’ കണ്ണൂര്‍), ഷഫീക്, ഫാത്തിബി.

അക്രമസംഭവങ്ങളെത്തുടര്‍ന്നു കനത്ത സംഘര്‍ഷത്തിലാണു തളിപ്പറമ്പ് മേഖല. ജില്ലയില്‍ ചിലയിടങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. കണ്ണൂര്‍ എഎസ്പി ദീപക് രഞ്ജന്‍, സിഐമാരായ യു. പ്രേമന്‍, പി. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സായുധപോലീസ് സേന സംഘര്‍ഷസ്ഥലത്തു ക്യാമ്പു ചെയ്യുന്നുണ്ട്.