പിറവത്തും എന്‍എസ്എസ് നിലപാട് ശരിദൂരം തന്നെ: സുകുമാരന്‍ നായര്‍

single-img
19 February 2012

പിറവത്തു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിലും സമദൂരത്തിലൂടെയുള്ള ശരിദൂരം തന്നെയാകും എന്‍എസ്എസ് നിലപാടെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കൊട്ടാരക്കരയില്‍ എന്‍എസ്എസ് പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് ആവശ്യങ്ങളും ആവലാതികളുമുണെ്ടങ്കിലും ഇതിന്റെ പേരില്‍ വിലപേശലിനില്ല. രാജ്യതാത്പര്യം മുന്നില്‍ക്കണ്ടു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. സംഘടന ഒറ്റക്കെട്ടായി നില്‍ക്കുന്നതു സമദൂരം കൊണ്ടാണ്. പിടിപ്പുകേടെന്ന് ആദ്യം വാദിച്ചവരും ഇപ്പോള്‍ വിലയിരുത്തുന്നത് ഇത്രയും മൂര്‍ച്ചയുള്ള ആയുധം വേറെയില്ലെന്നാണ്.

സംഘടനയെ ഛിന്നഭിന്നമാക്കാമെന്ന രാഷ്ട്രീയ കക്ഷികളുടെ മോഹം തകര്‍ത്ത് പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടു സ്ഥാനങ്ങള്‍ക്കു വേണ്ടി വിലപേശാനുള്ള ശക്തിയായി എന്‍എസ്എസ് മാറിയതോടെ രാഷ്ട്രീയകക്ഷികളെ എന്‍എസ്എസുമായി കൂടുതല്‍ അടുപ്പിച്ചു. കൂലികൊടുത്തു സമ്മേളനങ്ങള്‍ക്ക് ആളെ സംഘടിപ്പിക്കേണ്ട ഗതികേടിലേക്കു വിപ്ലവ പ്രസ്ഥാനങ്ങള്‍ വരെ പോയപ്പോഴും ശക്തമായ സംഘടനാ ചട്ടക്കൂട്ടിലൂന്നി തന്നെയാണ് എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്.

ഇന്ന് സംസ്ഥാനത്ത് നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനം മുഴുവന്‍ മുന്നോക്ക സമുദായങ്ങള്‍ക്കെതിരായ നിലപാടാണു സ്വീകരിക്കുന്നത്. പിഎസ്‌സി വഴിയുള്ള നിയമനങ്ങളില്‍ 90 ശതമാനവും സംവരണ സമുദായങ്ങള്‍ അടിച്ചുമാറ്റുന്നു. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനോടു യോജിക്കാനാവില്ല. ഇതിനായി ബാങ്കിംഗ് റിക്രൂട്ട്‌മെന്റെ് മാതൃകയില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണം. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി ഒരു മതേതര സ്ഥാപനമാണ്. ഇതിനു ക്ഷേത്രങ്ങളിലേക്കുള്ള ജീവനക്കാരെ നിയമിക്കുന്ന അധികാരം നല്‍കാനാവില്ല. എന്തു വില നല്‍കിയും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കൊണ്ടുവരാന്‍ എന്‍എസ്എസ് മുന്നിട്ടിറങ്ങും.