കടലിലെ കൊലപാതകം: രണ്ട് ഇറ്റാലിയന്‍ നാവികര്‍ അറസ്റ്റില്‍

single-img
19 February 2012

പിന്നീട് ഇവരെ സിഐഎസ്എഫ് ഗസ്റ്റ് ഹൗസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടത്തിയശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. 3.40നു കപ്പലില്‍നിന്നു പുറത്തിറക്കിയ ലെസ്റ്റോറെ മാര്‍സി മിലാനോ, സല്‍വതോറെ ഗിറോണെ എന്നിവരെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ പ്രത്യേക ബോട്ടില്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റിന്റെ മുഖ്യ കാര്യാലയത്തിനു സമീപത്തുള്ള ബോട്ട് ജെട്ടിയിലേക്ക് വൈകുന്നേരം 4.12ന് എത്തിച്ചു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അടക്കം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയന്‍ പൗലോ കുട്ടീലോ അടക്കമുള്ള ഉദ്യോഗസ്ഥരും അഭിഭാഷകനും കപ്പലിന്റെ ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വിറ്റേലിയും ബോട്ടിലുണ്ടായിരുന്നു. കരയിലെത്തിയ ഇറ്റാലിയന്‍ നാവികരെ 15ല്‍ പരം വാഹനങ്ങളുടെ അകമ്പടിയോടെയാണു സിഐഎസ്എഫ് ഗസ്റ്റ് ഹൗസിലെത്തിച്ചത്. എറണാകുളം റേഞ്ച് ഐജി കെ പത്മകുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍.അവിടെ കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന എസ്പി സാം ക്രിസ്റ്റി ഡാനിയേല്‍ ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി കപ്പലിന്റെ ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വിറ്റേലിയേയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കപ്പലില്‍നിന്നു ലോഗ് ബുക്ക് അടക്കമുള്ള രേഖകള്‍ പോലീസ് പിടിച്ചെടുത്തു. ഫോറന്‍സിക് വദഗ്ധര്‍ പരിശോധനയ്ക്കായി എത്തിയിരുന്നു. കപ്പലിലെ ആയുധങ്ങളും മറ്റും ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കി.