ഒമ്പതു മാസത്തിനുള്ളില്‍ നടത്തിയതു മികച്ച ഭരണം: ഉമ്മന്‍ ചാണ്ടി

single-img
19 February 2012

ഒമ്പതു മാസത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിട്ടുണെ്ടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭരണത്തിന്റെ വിലയിരുത്തല്‍കൂടിയാവും പിറവം ഉപതിരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിസിസി സംഘടിപ്പിച്ച കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളതെന്നത് ഭരണത്തില്‍ നിഴലിക്കില്ലെന്നും അര്‍ഹിക്കുന്നവര്‍ക്കു പരിഗണ നല്കുന്ന സര്‍ക്കാരാണു കേരളം ഭരിക്കുന്നത്. ഒരു രൂപ അരി പ്രഖ്യാപനം വേണമെങ്കില്‍ സര്‍ക്കാരിന് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം നടപ്പാക്കിയാല്‍ മതിയായിരുന്നു, എന്നാല്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയെത്തുടര്‍ന്ന് അഞ്ചു മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കുന്നതിനു കാരണമായി. ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് ആരോഗ്യരംഗത്താണ്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് സൗജന്യ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കും.

വികസനവും കരുതലുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഞ്ചു വര്‍ഷത്തെ വിഎസ് സര്‍ക്കാരിന്റെയും ഒമ്പതു മാസത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെയും പ്രവര്‍ത്തനം തമ്മിലുളള വിലയിരുത്തലാവും പിറവം തെരഞ്ഞെടുപ്പെന്നു ചടങ്ങില്‍ പ്രസംഗിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ് കുര്യന്‍ ജോയി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ, എം.എം. ജേക്കബ്, അജയ് തറയില്‍, ലതികാസുഭാഷ്, എം.പി.ഗോവിന്ദന്‍ നായര്‍, ജോര്‍ജ് ജെ. മാത്യൂ, ടോമി കല്ലാനി, ജി.ഗോപകുമാര്‍, ജോസി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.