ഇറ്റാലിയന്‍ കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്യല്‍ വഴിമുട്ടി

single-img
17 February 2012

നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ രണ്ടു തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ എന്റിക്ക ലക്‌സി എന്ന ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ ജീവനക്കാരെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും പോലീസ് നടത്തിയ നീക്കം വഴിമുട്ടി. ഇന്നലെ പുലര്‍ച്ചെ 1.30നു കൊച്ചി തുറമുഖത്തെ ഓയില്‍ടാങ്കര്‍ ബെര്‍ത്തില്‍ എത്തിച്ച കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി രാവിലെ മുതല്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ കപ്പലിലെത്തി. എന്നാല്‍, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയത്തില്‍നിന്നുള്ള നിര്‍ദേശമില്ലാതെ ചോദ്യംചെയ്യലുമായി സഹകരിക്കാനാവില്ലെന്ന നിലപാടാണു കപ്പലിന്റെ ക്യാപ്റ്റനും വ്യാഴാഴ്ച മുതല്‍ സ്ഥലത്തുള്ള ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാന്‍പൗലോ കുട്ടില്ലോയും സ്വീകരിച്ചത്. ആരെയെങ്കിലും കസ്റ്റഡിയില്‍ എടുക്കുന്ന കാര്യത്തില്‍ സഹകരിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ നാവിക അതിര്‍ത്തിക്കു പുറത്തുവച്ചാണു സംഭവമെന്നും അതുകൊണ്ടുതന്നെ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചാണു നടപടി എടുക്കേണ്ടതെന്നുമാണ് അവരുടെ നിലപാട്. ഉച്ചയോടെ പോലീസ് സംഘം കപ്പലില്‍നിന്നു തിരിച്ചുപോന്നു. കപ്പല്‍ പരിശോധിക്കാനും കപ്പലിലുള്ളവരെ ചോദ്യം ചെയ്യാനും കുറ്റക്കാരെ അറസ്റ്റ്‌ചെയ്യാനും കരയില്‍ കൊണ്ടുവന്നു ചോദ്യം ചെയ്യാനും പാസ്‌പോര്‍ട്ടും രേഖകളും പരിശോധിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ടു സിറ്റി പോലീസ് കമ്മീഷണര്‍ പിന്നീട് പ്രത്യേക ദൂതന്‍ വഴി കപ്പലിലേക്ക് ഔപചാരികമായി കത്ത് കൊടുത്തയച്ചു. ആ സന്ദേശം അപര്യാപ്തമാണെന്നായിരുന്നു പ്രതികരണം. വീണ്ടും വിശദമായ കത്തയച്ചു.

എന്നാല്‍, ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്തിട്ടുമതി കൂടുതല്‍ നടപടികള്‍ എന്ന നിലപാടിലേക്ക് അവര്‍ എത്തിയതോടെയാണു കാര്യങ്ങള്‍ വഴിമുട്ടിയത്. ഉന്നതതല ഇറ്റാലിയന്‍ സംഘം ഉടന്‍ എത്തുമെന്ന് ക്യാപ്റ്റന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. നിറയൊഴിച്ചയാള്‍ക്കെതിരേ നടപടി യുണ്ടാകും. 302-ാം വകുപ്പ് അനുസരിച്ചു കേസെടുത്തിട്ടുണെ്ടന്നും അദ്ദേഹം അറിയിച്ചു.