ഒളിമ്പിക് യോഗ്യത തേടി ഇന്ത്യ ഇന്നിറങ്ങുന്നു

single-img
17 February 2012

ഇന്ത്യ ഒളിമ്പിക് ബര്‍ത്തുതേടി അവസാന ശ്രമത്തിനിറങ്ങുന്നു. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന് ഇന്നു തുടക്കം. കഴിഞ്ഞ തവണയും ഒളിമ്പിക്‌സില്‍ യോഗ്യതനേടാന്‍ സാധിക്കാതിരുന്ന ഇന്ത്യക്ക് ഇത് അഭിമാനപ്പോരാട്ടമാണ്. 80 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യയുടെ പുരുഷ ടീം ബെയ്ജിംഗില്‍ യോഗ്യത നേടാതെ പോയത്.

26 വരെയാണ് ടൂര്‍ണമെന്റ്. ആരൊക്കെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കോച്ച് മൈക്കിള്‍ നോബ്‌സ് പറഞ്ഞു. എല്ലാവും മികച്ച താരങ്ങളായതുകൊണ്ട് തെരഞ്ഞെടുപ്പ് എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ആദ്യ മത്സരത്തില്‍ സിംഗപ്പൂരിനെയും രണ്ടാം മത്സരത്തില്‍ ഇറ്റലിയെയും നേരിടും. ഭരത് ഛേത്രിയാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍. മലയാളിയായ പി. ആര്‍. ശ്രീജേഷും ടീമിലുണ്ട്.

എട്ടുതവണ ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യക്ക് സമീപകാലത്തൊന്നും ആ മികവു പുറത്തെടുക്കാനായിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിക്കാനായാല്‍ ഇന്ത്യന്‍ ഹോക്കിക്ക് അതു പുതിയ ഉണര്‍വാകുമെന്ന് ടീമിന്റെ പരിശീലകന്‍ മൈക്കിള്‍ നോബ്‌സ് പറഞ്ഞു. ഈയിടെ അവസാനിച്ച ചാമ്പ്യന്‍സ് ചലഞ്ച് ഹോക്കിയില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു. റാങ്കിംഗില്‍ 10-ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ താഴെയുള്ളവരാണ് മത്സരത്തിനിറങ്ങുന്നത്. കാനഡ(14), ഫ്രാന്‍സ്(18), പോളണ്ട്(19), ഇറ്റലി(28), സിംഗപ്പൂര്‍(41) എന്നീ ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നത്. റൗണ്ട് റോബിന്‍ രീതിയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ലണ്ടന്‍ ടിക്കറ്റ് ഉറപ്പാക്കാം. മുന്‍ ചാമ്പ്യന്‍ ജര്‍മനി, ആതിഥേയരായ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അര്‍ജന്റീന,ഹോളണ്ട്, ബല്‍ജിയം, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.