തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കെതിരേ സ്പീക്കര്‍ നടപടി ആവശ്യപ്പെടും

single-img
17 February 2012

എംഎല്‍എമാരില്‍ നിന്നും തൊഴില്‍കരം ഈടാക്കാനുള്ള പ്രശ്‌നത്തില്‍ നേരിട്ട് ഹാജരാകാനുള്ള തന്റെ നിര്‍ദേശം അവഗണിച്ച തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കെതിരേ നടപടിയാവശ്യപ്പെട്ട് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സര്‍ക്കാരിന് കത്ത് നല്‍കും.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് നേരിട്ട് ഹാജാരാകാന്‍ നഗരസഭാ സെക്രട്ടറി ടി. ഭാസ്‌കരനോട് സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലുള്ള ടി. ഭാസ്‌കരന്‍ സ്പീക്കര്‍ക്ക് യാതൊരു മറുപടിയും നല്‍കിയിട്ടില്ല. സെക്രട്ടറി ചുമതലപ്പെടുത്തിയതനുസരിച്ച് സ്പീക്കറെ കാണാന്‍ നഗരസഭാ അഡീഷണല്‍ സെക്രട്ടറിയെത്തിയിരുന്നെങ്കിലും സ്പീക്കര്‍ ഇദ്ദേഹത്തെ കാണാന്‍ തയാറായില്ല. സെക്രട്ടറി തന്നെ നേരിട്ട് ഹാജരാകണമെന്ന നിലപാടിലായിരുന്നു സ്പീക്കര്‍.

തുടര്‍ന്നാണ് സെക്രട്ടറിക്കെതിരേ നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്ത് സര്‍ക്കാരിന് കത്ത് നല്‍കാന്‍ സ്പീക്കര്‍ തീരുമാനിച്ചത്.