ഇറാനെ ആക്രമിക്കാന്‍ യുഎസിനു വ്യോമതാവളം നല്‍കില്ല: സര്‍ദാരി

single-img
17 February 2012

ഇറാനെ ആക്രമിക്കാന്‍ യുഎസിന് പാക്കിസ്ഥാന്‍ ഒരു വിധത്തിലുള്ള സഹായവും നല്‍കില്ലെന്നു പ്രസിഡന്റ് സര്‍ദാരി ഉറപ്പു നല്‍കി. പാക് വ്യോമതാവളങ്ങള്‍ ഈ ആവശ്യത്തിന് ഉപയോഗിക്കാന്‍ യുഎസിനെ അനുവദിക്കില്ല. ഇറാന്‍-പാക്-അഫ്ഗാന്‍ ഉച്ചകോടിയിലാണ് സര്‍ദാരി ഈ ഉറപ്പുനല്‍കിയതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിക്കു ശേഷം ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി എന്നിവരോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലും സര്‍ദാരി ഈ നിലപാട് ആവര്‍ത്തിച്ചു. ഇറാനില്‍നിന്ന് പൈപ്പ്‌ലൈന്‍ വലിച്ച് പാക്കിസ്ഥാനില്‍ പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും സര്‍ദാരി അറിയിച്ചു. പാക്-ഇറാന്‍ ബന്ധം തകര്‍ക്കുന്ന തരത്തിലുള്ള ഒരു സമ്മര്‍ദത്തിനും വഴങ്ങില്ല. പൈപ്പ്‌ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ പാക്കിസ്ഥാനുമേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാന്‍ ആരോടെല്ലാം വാണിജ്യബന്ധം പുലര്‍ത്തണമെന്ന കാര്യം അമേരിക്ക നിശ്ചയിക്കേണെ്ടന്നു വ്യക്തമാക്കി സര്‍ദാരി യുഎസിനു സന്ദേശം അയച്ചെന്നും വാര്‍ത്താ ചാനലുകള്‍ വ്യക്തമാക്കി. മേഖലയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഭീകരത തുടച്ചുനീക്കുന്നതിനുമുള്ള പദ്ധതികളെക്കുറിച്ച് മൂന്നു രാജ്യങ്ങളുടെയും നേതാക്കള്‍ ഉച്ചകോടിയില്‍ ചര്‍ച്ച നടത്തി.