പാമോയില്‍ കേസ്: വേണ്ടിവന്നാല്‍ വിചാരണക്കോടതിയിലും കക്ഷിചേരുമെന്ന് വി.എസ്

single-img
17 February 2012

പാമോയില്‍ കേസില്‍ വേണ്ടിവന്നാല്‍ വിചാരണക്കോടതിയില്‍ വരെ കക്ഷിചേര്‍ന്ന് അഴിമതിയിടപാടിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതിനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തിരക്കഥയെഴുതി തയാറാക്കിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് എസ്പി ശശിധരന്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇടപാടില്‍ യാതൊരു പങ്കുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ രാജിയിലൂടെ കേസ് തേയ്ച്ചുമായ്ച്ച് കളയാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നതെങ്കില്‍ അത് പകല്‍കിനാവ് മാത്രമാണെന്നും വി.എസ് പറഞ്ഞു. കേസില്‍ സുപ്രീംകോടതി വിധി പോലും അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.

വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെയും നേരത്തെയുള്ള കുറ്റപത്രത്തിലെയും പൊരുത്തക്കേടുകള്‍ എണ്ണമിട്ട് നിരത്തിയ വാര്‍ത്താക്കുറിപ്പുമായിട്ടാണ് വി.എസ് വാര്‍ത്താസമ്മേളനം നടത്തിയത്.